കൊച്ചി: വരാപ്പുഴയിൽ പൊലീസ് കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിെൻറ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ വിലയിരുത്താൻ മെഡിക്കൽ ബോർഡ് രൂപവത്കരിച്ച നടപടി വിവാദത്തിൽ. വ്യക്തമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ഉണ്ടായിരിക്കെ മെഡിക്കൽ ബോർഡ് രൂപവത്കരിച്ച് ഉപദേശം തേടുന്നതിൽ ഫോറൻസിക് വിദഗ്ധർ സംശയം പ്രകടിപ്പിക്കുന്നു. പ്രതികളായ പൊലീസുകാരെ രക്ഷിക്കാനുള്ള ഗൂഢനീക്കമാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.
ആലപ്പുഴ മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ പ്രഫസറും പൊലീസ് സർജനുമായ ഡോ. സഖറിയ തോമസിെൻറ നേതൃത്വത്തിെല മൂന്നംഗ സംഘമാണ് പോസ്റ്റ്മോർട്ടം നടത്തിയത്. ശ്രീജിത്തിെൻറ ശരീരത്തിലുണ്ടായിരുന്ന 18 മുറിവുകളും അഞ്ച് പേജുള്ള റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ചെറുകുടൽ പൊട്ടി പുറത്തുവന്ന ഭക്ഷ്യാവശിഷ്ടങ്ങൾ രക്തത്തിൽ കലർന്നതും ഇതുമൂലമുണ്ടായ അണുബാധയുമാണ് മരണകാരണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത്ര സമഗ്രമായ റിപ്പോർട്ട് ഉണ്ടായിരിക്കെ മെഡിക്കൽ ബോർഡിെൻറ പ്രസക്തിയാണ് ചോദ്യംചെയ്യപ്പെടുന്നത്. ഇത് ക്രിമിനൽ നടപടിചട്ടത്തിൽ കേട്ടുകേൾവിയില്ലാത്തതാണെന്ന് ഫോറൻസിക് വിദഗ്ധൻ ഡോ. ബി. ഉമാദത്തൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ശ്രീജിത്തിെൻറ ശരീരത്തിലെ മുറിവുകളെല്ലാം പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വിവരിച്ചിട്ടുണ്ട്. മരണകാരണവും അസന്ദിഗ്ധമായി ചൂണ്ടിക്കാട്ടുന്നു. ഇക്കാര്യങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമെങ്കിൽ പോസ്റ്റ്മോർട്ടത്തിന് നേതൃത്വം നൽകിയ ഡോക്ടറിൽനിന്ന് ക്രിമിനൽ നടപടി ചട്ടം 161പ്രകാരം വിവരങ്ങൾ ആരായാവുന്നതേയുള്ളൂവെന്നും ഡോ. ഉമാദത്തൻ പറഞ്ഞു.
മെഡിക്കൽ ബോർഡിനെതിരെ ഫോറൻസിക് സർജൻ അസോസിയേഷനും രംഗത്തുവന്നു. പഴുതുകളില്ലാത്ത പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ നോക്കുകുത്തിയാക്കുന്ന നടപടിയാണ് ഇതെന്ന് അസോസിയേഷൻ സെക്രട്ടറി ഡോ. ഹിതേഷ് ശങ്കർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ വിശ്വാസ്യതയെ ചോദ്യംചെയ്യുന്ന ഇൗ നടപടി കോടതിയിൽ പ്രതികൾക്ക് സഹായകരമാകും. മറ്റുള്ളവർ പ്രതികളാകുന്ന കേസുകളിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിനെ ആധികാരിക രേഖയായി സ്വീകരിക്കുേമ്പാൾ പൊലീസുകാർ പ്രതികളായ കേസിൽ മാത്രം തുടർ നടപടിക്ക് മെഡിക്കൽ ബോർഡിെൻറ ഉപദേശം തേടുന്നത് സമൂഹത്തിൽ സംശയം ജനിപ്പിക്കുമെന്നും ഡോ. ഹിതേഷ് ശങ്കർ പറയുന്നു.
അഞ്ചംഗ മെഡിക്കൽ ബോർഡിൽ ഫോറൻസിക് മെഡിസിനുമായി ബന്ധമുള്ള ഒരാൾ മാത്രമേയുള്ളൂ. യോഗ്യതയില്ലാത്തവരെ ഉൾപ്പെടുത്തി രൂപവത്കരിച്ച ബോർഡ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ സ്വാഭാവിക സംശയം പ്രകടിപ്പിച്ചാൽപോലും കോടതിയിൽ പ്രതിഭാഗം ആയുധമാക്കുമെന്നും ഫോറൻസിക് വിദഗ്ധർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.