തിരുവനന്തപുരം: അർഹമായ ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിലെ സർക്കാർ അലംഭാവത്തിൽ പ്രതിഷേധിച്ച് സർക്കാർ മെഡിക്കൽ കോളജ് അധ്യാപകർ കെ.ജി.എം.സി.ടി.എ നേതൃത്വത്തിൽ നവംബർ ഒമ്പത് മുതൽ സമരത്തിലേക്ക്. ചൊവ്വാഴ്ച എല്ലാ മെഡിക്കൽ കോളജിലും പ്രിൻസിപ്പൽ ഓഫിസിലേക്ക് പ്രതിഷേധജാഥയും ഓഫിസിന് മുന്നിൽ ധർണയും നടത്തും. രോഗി പരിചരണത്തെ ബാധിക്കാത്തതരത്തിലാണ് പ്രതിേഷധം. ന്യായമായ ആവശ്യങ്ങൾ നേടിയെടുക്കുന്നതു വരെ പ്രത്യക്ഷ പ്രക്ഷോഭവുമായി മുന്നോട്ടുപോകും.
ഏറെ പ്രക്ഷോഭങ്ങൾക്കൊടുവിൽ നാലുവർഷം വൈകി കഴിഞ്ഞവർഷം സെപ്റ്റംബറിലാണ് ശമ്പളപരിഷ്കരണം വന്നത്. എന്നാൽ, ഇതുവരെ ഭൂരിഭാഗം അധ്യാപകർക്കും പുതുക്കിയ നിരക്കിൽ ശമ്പള സ്ലിപ് പോലും നൽകിയിട്ടില്ല. പരിഷ്കരണത്തിൽ വന്ന വിവിധ അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും പരിഹരിക്കാൻ സർക്കാർ തയാറായിട്ടില്ല. കോവിഡ് പരിചരണത്തിൽ സ്തുത്യർഹമായ പങ്കുവഹിക്കുന്ന ഡോക്ടർമാരോടുള്ള വഞ്ചനയാണിതെന്ന് കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡൻറ് ഡോ. എസ്. ബിനോയിയും സെക്രട്ടറി ഡോ. നിർമൽ ഭാസ്കറും പറഞ്ഞു. എൻട്രി കേഡറിലുള്ള യുവഡോക്ടർമാരെ പ്രതികൂലമായി ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.