തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ നടത്തിയ വിദ്യാര്‍ഥി പ്രവേശ നടപടി ജസ്റ്റിസ് ജയിംസ് കമ്മിറ്റി ബുധനാഴ്ച മുതല്‍ സൂക്ഷ്മ പരിശോധന നടത്തും. പ്രവേശത്തില്‍ മെറിറ്റ് പാലിച്ചത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്താനാണ് 23 സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ നടപടി പരിശോധിക്കുന്നത്.
കോളജുകളുടെ പ്രവേശരേഖകള്‍ വിളിച്ചുവരുത്തിയാണ് പരിശോധന. ബുധനാഴ്ച ഗോകുലം മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശമാണ് പരിശോധിക്കുന്നത്. മെറിറ്റ്, മാനേജ്മെന്‍റ്, എന്‍.ആര്‍.ഐ ക്വോട്ട സീറ്റുകളില്‍ നടത്തിയ പ്രവേശം പ്രത്യേകം പരിശോധനക്ക് വിധേയമാക്കും.
നവംബര്‍ 21നകം മുഴുവന്‍ മെഡിക്കല്‍ കോളജുകളുടെയും പരിശോധന പൂര്‍ത്തിയാക്കും. ഇതിന് ശേഷമായിരിക്കും സ്വാശ്രയ ഡെന്‍റല്‍ കോളജുകളിലെ പ്രവേശം പരിശോധിക്കുക. ജയിംസ് കമ്മിറ്റി പരിശോധന പൂര്‍ത്തിയാക്കി അംഗീകാരം നല്‍കുന്ന പട്ടികയില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരിക്കും ആരോഗ്യ സര്‍വകലാശാലയില്‍ എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകള്‍ക്ക് രജിസ്ട്രേഷന്‍ ലഭിക്കുക.
അതേസമയം, കണ്ണൂര്‍ മെഡിക്കല്‍ കോളജിലേക്കുള്ള കേന്ദ്രീകൃത അലോട്മെന്‍റ് അട്ടിമറിച്ച നടപടി കോടതിയുടെ പരിഗണനയിലാണ്. ഇതുസംബന്ധിച്ച് പ്രവേശ പരീക്ഷാ കമീഷണര്‍ ഹൈകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. പാലക്കാട് കരുണ മെഡിക്കല്‍ കോളജ് മെറിറ്റ് അട്ടിമറിച്ച് പ്രവേശം നല്‍കിയ വിദ്യാര്‍ഥികളെ ഒഴിവാക്കി പകരം 30 പേര്‍ക്ക് പ്രവേശ പരീക്ഷാ കമീഷണര്‍ സ്പോട്ട് അഡ്മിഷന്‍ നല്‍കുകയും ചെയ്തിരുന്നു.
ഇതുസംബന്ധിച്ചും കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ തീര്‍പ്പുവരുന്ന മുറക്ക് ഈ കോളജുകളിലെയും കോഴിക്കോട് കെ.എം.സി.ടി കോളജിലെയും ഫീസ് ഘടന നിശ്ചയിക്കുന്ന നടപടിയും ജയിംസ് കമ്മിറ്റി പൂര്‍ത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.