തിരുവനന്തപുരം: മെഡിസെപ്പിന്റെ മറവിൽ കെ.ജി.എസ്.എം.എ റൂൾസ് പ്രകാരം ജീവനക്കാർക്കുള്ള മെഡിക്കൽ റീം ഇംബേഴ്സ്മെന്റ് സംവിധാനം അട്ടിമറിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആരോഗ്യ പരിപാലനം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് 1960ലെ കേരള ഗവ. സർവന്റ്സ് മെഡിക്കൽ അറ്റന്റൻസ് റൂൾസ് (കെ.ജി.എസ്.എം.എ). ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ് ആരംഭിച്ചെങ്കിലും കെ.ജി.എസ്.എം.എ പ്രകാരമുള്ള റീ ഇംബേഴ്സ്മെന്റ് സംവിധാനം തുടരുമെന്നായിരുന്നു അന്ന് സർക്കാർ പ്രഖ്യാപിച്ചത്. നിയമസഭ പാസാക്കി എന്നതിനാൽ നിയമപ്രാബല്യമുണ്ടെന്നതായിരുന്നു കാരണം.
എന്നാൽ, മെഡിസെപ് രണ്ട് വർഷത്തിലേക്കടുക്കുമ്പോൾ ഇതിന് കടകവിരുദ്ധമായ സർക്കുലറാണ് പുറത്തിറക്കിയത്. ‘മെഡിസെപ് വന്നശേഷം സർക്കാർ അംഗീകൃത സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് കെ.ജി.എസ്.എം.എ റൂൾ പ്രകാരം മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല’ എന്നാണ് സർക്കാർ സർക്കുലറിൽ പറയുന്നത്. അനുകൂല തീരുമാനമുണ്ടാകുന്ന മുറക്ക് അപേക്ഷ പരിഗണിക്കുമെന്ന് സർക്കുലറിലുണ്ട്.
ഫലത്തിൽ നിയമപ്രകാരം ജീവനക്കാർക്കും പെൻഷൻകാർക്കും ലഭിച്ചിരുന്ന പരിരക്ഷയാണ് അട്ടിമറിച്ചത്. മാത്രമല്ല, നിയമപ്രകാരമുള്ള ബാധ്യതയിൽനിന്ന് സർക്കാർ പിൻമാറി പകരം സ്വകാര്യ കമ്പനികളെ ഏൽപിച്ചു. പങ്കാളിത്ത പെൻഷൻ വഴി ബാധ്യതയിൽനിന്ന് സർക്കാർ തലയൂരിയതിന്റെ മറ്റൊരു പതിപ്പാണ് ആരോഗ്യ ഇൻഷുറൻസിലും ആവർത്തിച്ചത്.
റൂൾപ്രകാരമുള്ള റീ ഇംബേഴ്സ്മെന്റ് സ്കീമിനായി വര്‍ഷംതോറും കോടിക്കണക്കിന് രൂപയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്. കാലാകാലങ്ങളിൽ വന്ന സർക്കാറുകൾ ഇത് കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. മെഡിക്കൽ റീ ഇംബേഴ്സ്മെന്റിൽ പണം കിട്ടാൻ കാലതാമസമെടുക്കുമെങ്കിലും ജീവനക്കാർക്ക് ഉറപ്പുണ്ടായിരുന്നു.
റീ ഇംബേഴ്സ്മെന്റിലെ കാലതാമസവും പെൻഷൻകാരുടെ പ്രശ്നങ്ങളുമെല്ലാം ചൂണ്ടിക്കാട്ടി തുടക്കമിട്ട മെഡിസെപ് ആകട്ടെ, ആകെ താളംതെറ്റിയ നിലയിലാണ്. കാഷ്ലെസ് ചികിത്സ ലഭിക്കുന്നില്ലെന്ന് മാത്രമല്ല, ഇൻഷുറൻസ് പ്രകാരമുള്ള ചികിത്സക്ക് കൈയിൽനിന്ന് പണം ചെലവഴിക്കേണ്ട സ്ഥിതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.