കൊച്ചി: സർക്കാർ, സ്വകാര്യ ആശുപത്രികളിൽനിന്നുള്ള മെഡിക്കൽ മാലിന്യം സംസ്കരിക്കുന്നതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ കോർപറേഷൻ മാനദണ്ഡങ്ങൾ പുതുക്കി.
പാലക്കാട് കഞ്ചിക്കോട്ടെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രത്തിൽ (ഇമേജ്) 11 ജില്ലകളിലെ മാലിന്യം സംസ്കരിച്ചിരുന്നത് കുറച്ച് ഒമ്പതു ജില്ലകൾ മാത്രമാക്കി.
എറണാകുളം അമ്പലമേട് കേരള എൻവിയോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് (കെ.ഇ.ഐ.എൽ) പ്ലാൻറിന് അഞ്ചു ജില്ലകളിലെ മാലിന്യം എടുക്കാൻ അനുമതി നൽകി. എറണാകുളം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളിലെ മെഡിക്കൽ മാലിന്യം അമ്പലമേട്ടിലും ബാക്കി പാലക്കാട് ഇമേജിലും സംസ്കരിക്കും. കോവിഡ് പശ്ചാത്തലത്തിൽ ബയോ മെഡിക്കൽ മാലിന്യ സംസ്കരണം ഏറെ പ്രശ്നം സൃഷ്ടിച്ചിരുന്നു.
കൊണ്ടുപോകുന്നവർ മാലിന്യം പലയിടങ്ങളിൽ തള്ളുന്നത് പരിഭ്രാന്തിയും പരത്തിയിട്ടുണ്ട്. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിെൻറ മാർഗനിർദേശം അനുസരിച്ച് ആശുപത്രികളുടെ 75 കിലോമീറ്റർ പരിധിയിൽ മെഡിക്കൽ മാലിന്യ സംസ്കരണ യൂനിറ്റ് വേണം. 10,000 ആശുപത്രി കട്ടിലുകൾ ഒരു സംസ്കരണ പ്ലാൻറിെൻറ 75 കിലോമീറ്റർ ചുറ്റളവിൽ ഇല്ലെങ്കിൽ 150 കിലോമീറ്ററിനുള്ളിലെ ആശുപത്രികളിൽനിന്ന് മാലിന്യം ശേഖരിക്കാം. 48 മണിക്കൂർകൊണ്ട് സംഭരിച്ച് സംസ്കരിക്കണമെന്നാണ് നിയമം.
അമ്പലമേട് രാസമാലിന്യ സംസ്കരണ പ്ലാൻറിനോട് ചേർന്നാണ് കെ.ഇ.ഐ.എൽ സ്ഥാപിച്ചത്. പ്രതിദിനം 16 ടൺ ശേഷിയുള്ള പ്ലാൻറിൽ മൂന്നു ജില്ലകളിൽനിന്ന് ശരാശരി 2.1 ടൺ മാലിന്യമേ ലഭിച്ചിരുന്നുള്ളൂ.
ഇതുമൂലം തുടർച്ചയായ പ്രവർത്തനം സാമ്പത്തികമായി ലാഭകരമല്ലെന്ന് സ്ഥാപനത്തിെൻറ സി.ഇ.ഒ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് വിളിച്ച യോഗത്തിൽ വ്യക്തമാക്കിയിരുന്നു. കോവിഡ് മെഡിക്കൽ മാലിന്യം കൂടി എടുത്തുതുടങ്ങിയെങ്കിലും ഒന്നു മുതൽ ഒന്നര ടൺ മാത്രമാണ് ദിനംപ്രതി കൂടുതലായി വന്നിരുന്നത്. തുടർന്നാണ് മാനദണ്ഡം പുതുക്കിയത്.
സർക്കാർ ആശുപത്രികളിലെ മാലിന്യ സംസ്കരണത്തിന് 80 ശതമാനം കട്ടിലുകളുടെ എണ്ണം അനുസരിച്ചാണ് നിരക്ക്. 20 ശതമാനം സബ്സിഡി നൽകും. സ്വകാര്യ ആശുപത്രികളിൽനിന്ന് മുഴുവൻ കട്ടിലുകളുടെ എണ്ണത്തിന് അനുസരിച്ച് നിരക്ക് വാങ്ങുന്നുണ്ട്. 75 കിലോമീറ്റർ ചുറ്റളവിൽ ബയോ മെഡിക്കൽ മാലിന്യ സംസ്കരണ കേന്ദ്രം ഉണ്ടെങ്കിൽ ആശുപത്രികൾ സ്വന്തമായി സംവിധാനം സജ്ജമാക്കേണ്ടതില്ലെന്നാണ് മാർഗനിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.