കൊച്ചി വിമാനത്താവളത്തിലൂടെ ഇനി മരുന്നും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാം

കൊച്ചി: മരുന്നുകളും സൗന്ദര്യവർധക വസ്തുക്കളും ഇറക്കുമതി ചെയ്യാനുള്ള അംഗീകൃത വിമാനത്താവളമായി സിയാലിനെ അംഗീകരിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിജ്ഞാപനമിറക്കി.1940 ലെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ടിൽ ഭേദഗതി വരുത്തിയാണ് മന്ത്രാലയം ഉത്തരവിറക്കിയത്. ഇതോടെ, ഈ അനുമതി ലഭിക്കുന്ന 11 വിമാനത്താവളങ്ങളിലൊന്നായി മാറി സിയാൽ.

ജീവൻരക്ഷാ മരുന്നുകളും മറ്റും ചെറിയ അളവിൽ പ്രത്യേക അനുമതി ലഭ്യമാക്കിയാണ് ഇതുവരെ കൊച്ചിയിലേക്ക് എത്തിച്ചിരുന്നത്. ഇനി മുതൽ വൻകിട സ്റ്റോക്കിസ്റ്റുകൾക്ക് നേരിട്ട് കൊച്ചി വഴി മരുന്നുകളും സൗന്ദര്യവർധകവസ്തുക്കളും ഇറക്കുമതി ചെയ്യാനാകും. വിദേശത്ത് നിന്നുള്ള സൗന്ദര്യവർധക വസ്തുക്കൾ, കപ്പൽ മാർഗമോ കേരളത്തിന്‌ പുറത്തുള്ള മറ്റ് വിമാനത്താവളങ്ങൾ മുഖാന്തരമോ ആണ് ഇത് വരെ എത്തിച്ചിരുന്നത്. കൊച്ചി വിമാനത്താവളത്തിന് കേന്ദ്രാനുമതി ലഭിച്ചതോടെ ഈ സാഹചര്യത്തിന് മാറ്റമുണ്ടാകും.

2023-24 വർഷത്തിൽ സിയാൽ 63, 642 ടൺ കാർഗോയാണ് കൈകാര്യം ചെയ്തത്. ഇതിൽ 44, 000 ടൺ രാജ്യാന്തര കാർഗോയാണ്. കഴിഞ്ഞ 25 വർഷമായി, സിയാൽ ഡ്യൂട്ടി-ഫ്രീ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ സൗന്ദര്യവർധക വസ്തുക്കൾ കപ്പൽ മാർഗമാണ് ലഭ്യമാക്കിയിരുന്നത്. ഈ സാഹചര്യമാണ് ഇപ്പോൾ മാറുന്നത്. ഇത്തരം വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനുള്ള അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സിയാൽ അധികൃതർ സമ്മർദം ചെലുത്തിയതിന്റെ ഫലമായാണ് ഈ അനുമതി ലഭിച്ചത്.

Tags:    
News Summary - Medicines and cosmetics can now be imported through Kochi airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.