മെഡിസെപ് അടുത്ത മാസം മുതൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള മെഡിക്കൽ ഇൻഷുറൻസ് പദ്ധതിയായ 'മെഡിസെപ്' ജൂലൈ ഒന്നിന് നിലവിൽ വരും. ഇത് സംബന്ധിച്ച് ധനവകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. 4800 രൂപയും 18 ശതമാനം ജി.എസ്.ടിയുമാണ് 2022-24 വർഷത്തേക്കുള്ള പദ്ധതിയിൽ ഒരാളുടെ പ്രീമിയം. ഈ തുക ആദ്യം സർക്കാർ അടയ്ക്കും. ജൂൺ മുതലുള്ള ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ജൂലൈ മുതൽ പെൻഷനിൽ നിന്നും മാസം 500 രൂപ വീതം സർക്കാർ തിരിച്ചുപിടിക്കും. പ്രീമിയത്തിൽ സർക്കാർ വിഹിതമുണ്ടാകില്ല.

ജീവനക്കാരും പെൻഷൻകാരുമായി പത്തരലക്ഷം പേർക്കും അവരുടെ കുടുംബങ്ങളടക്കം 40 ലക്ഷത്തോളം പേർക്കും പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. പദ്ധതിയിൽ ആശുപത്രികളെ ചേർക്കൽ നടക്കുന്ന നടപടി ഉടൻ പൂർത്തിയാക്കും. കാഷ്ലെസ് മെഡിക്കൽ ഇൻഷുറൻസാണ് നടപ്പാക്കുന്നത്. ഒറിയന്‍റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡുമായാണ് കരാർ. സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് ജീവനക്കാർ, ഗ്രാന്‍റ് ഇൻ എയ്ഡ് സ്ഥാപനങ്ങളിലെയും തദ്ദേശ സ്ഥാപനങ്ങളിലെയും ജീവനക്കാർ, മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്‍റെയും ചീഫ് വിപ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ എന്നിവരുടെയും പേഴ്സനൽ സ്റ്റാഫുകൾ, ധനകാര്യ കമ്മിറ്റികളുടെ ചെയർമാനടക്കമുള്ളവർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരെല്ലാം പദ്ധതിയുടെ കീഴിൽ വരും. പ്രതിമാസ പ്രീമിയം ശമ്പളത്തിൽ നിന്നും പെൻഷനിൽ നിന്നും ഈടാക്കാൻ ട്രഷറികൾക്കും ഡി.ഡി.ഒമാർക്കും ധനവകുപ്പ് നിർദേശം നൽകി. സ്പാർക്കിലും ട്രഷറി സോഫ്റ്റ്വെയറിലും ആവശ്യമായ മാറ്റം വരുത്തും.

എംപാനൽ ചെയ്യപ്പെട്ട ആശുപത്രികളിലെ ചികിത്സ ചെലവ്, മരുന്ന് വില, ഡോക്ടറുടെ ഫീസ്, മുറിവാടക, പരിശോധന നിരക്കുകൾ, രോഗാനുബന്ധ ഭക്ഷണച്ചെലവുകൾ എന്നിവക്കും പരിരക്ഷ ലഭിക്കും. അംഗങ്ങൾക്ക് അവരുടെ മെഡിസെപ് ഐഡി കാര്‍‍ഡ് www.medisep.kerala.gov.in സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Medicep from next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.