തിരുവനന്തപുരം: ജില്ലകൾക്ക് പുറത്തേക്കുള്ള പൊതുഗതാഗതത്തിന് കേന്ദ്രം ഇളവ് നൽകിയ സാഹചര്യത്തിൽ സംസ്ഥാനത്ത് ഫാസ്റ്റ് പാസഞ്ചറിനും സൂപ്പർഫാസ്റ്റിനുമടക്കം നിരക്ക് വർധനക്ക് വഴിയൊരുങ്ങുന്നു. ഒാർഡിനറിക്ക് സമാനമായി സൂപ്പർക്ലാസ് സർവിസുകളുടെ നിരക്കും 50 ശതമാനം വർധിപ്പിക്കണമെന്ന കെ.എസ്.ആർ.ടി.സിയുടെ ആവശ്യം പരിഗണിക്കുന്നതിന് തിങ്കളാഴ്ച ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ സാന്നിധ്യത്തിൽ ഉന്നതതല യോഗം ചേരും. ജില്ലകൾ തമ്മിൽ ബന്ധിപ്പിച്ചുള്ള സർവിസുകൾക്ക് സംസ്ഥാന സർക്കാർ അനുമതി നൽകുന്നതോടെ നിരക്ക് വർധന ബാധകമാക്കാനാണ് ആലോചന.
നിലവിലെ 11 രൂപയാണ് ഫാസ്റ്റിെൻറ മിനിമം ചാർജ്. ഇത് 17 രൂപയാക്കണമെന്നാണ് ആവശ്യം. സൂപ്പർഫാസ്റ്റ്, ഡീലക്സ്, എക്സ്പ്രസ്, ജൻറം എന്നിവയുടെ നിരക്കുകളും ആനുപാതികമായി വർധിപ്പിക്കണമെന്നും ആവശ്യങ്ങളിലുണ്ട്. അന്തർ ജില്ല സർവിസുകൾ ആരംഭിച്ചാൽ ആദ്യം ഒാടിത്തുടങ്ങുക ഫാസ്റ്റുകളായിരിക്കും. കെ.എസ്.ആർ.ടി.സി സൂപ്പർക്ലാസുകളിൽ ഭൂരിഭാഗവും രാത്രി സർവിസുകളാണ്. അഞ്ചാംഘട്ട ലോക്ഡൗണിലും രാത്രി ഒമ്പത് മുതൽ പുലർച്ചെ അഞ്ച് വരെ യാത്രാ നിരോധനവും കർഫ്യൂവും തുടരുന്നതിനാൽ സൂപ്പർക്ലാസ് സർവിസുകൾ ഉടൻ ആരംഭിക്കാനിടയില്ല.
അതേസമയം രാത്രി ഒമ്പത് വരെ കർഫ്യൂവിൽ ഇളവ് ലഭിച്ച സാഹചര്യത്തിൽ ജില്ലകൾക്കുള്ളിലെ സർവിസ് സമയം ദീർഘിപ്പിക്കുന്നതിന് ആലോചനയുണ്ട്. ഇതിനായി ടൈം ഷെഡ്യൂൾ തയാറാക്കാൻ കെ.എസ്.ആർ.ടി.സിയോട് ആവശ്യപ്പെടുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. നിലവിലെ ഒാർഡിനറികൾ ജനസേവനം മാത്രമാണെന്നും കിലോമീറ്ററിൽ 11.65 രൂപയുടെ നഷ്ടം സഹിക്കുകയാണെന്നുമാണ് കെ.എസ്.ആർ.ടി.സി മാനേജ്മെൻറ് പറയുന്നത്. നിയന്ത്രണങ്ങൾമൂലം 15.68 ലക്ഷം കിലോമീറ്ററിൽനിന്ന് 3.23 കിലോമീറ്ററായി പ്രതിദിന സഞ്ചാരദൂരവും കുറഞ്ഞിട്ടുണ്ട്.
ടിക്കറ്റ് ചാർജ് വർധിപ്പിക്കേണ്ടിവരും –ഗതാഗത മന്ത്രി
തിരുവനന്തപുരം: നിലവിലെ സാഹചര്യത്തിൽ ഫാസ്റ്റ് പാസഞ്ചർ അടക്കം മുകളിലേക്കുള്ള സർവിസുകളിൽ ടിക്കറ്റ് ചാർജ് വർധനയുണ്ടാകുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ ‘മാധ്യമ’ത്തോട് പറഞ്ഞു. ഫാസ്റ്റുകളെ നിരക്ക് സംബന്ധിച്ച് കെ.എസ്.ആർ.ടി.സിയുടെ പ്രൊപ്പോസൽ ലഭിച്ചിട്ടുണ്ട്. ഒാർഡിനറിയുടെ കാര്യത്തിൽ സ്വീകരിച്ച നിലപാടും മാനദണ്ഡവും ഇക്കാര്യത്തിലും പ്രാവർത്തികമാക്കേണ്ടിവരും. സമ്പർക്കനിയന്ത്രണങ്ങൾ ഇല്ലാതാകുന്ന ഘട്ടം വരെ ഇൗ നിയന്ത്രണം തുടരേണ്ടിവരുമെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.