ശബരിമലയിൽ മേൽശാന്തി നിയമനം ബ്രാഹ്​മണരിൽനിന്ന്​ മാത്രം; അബ്രാഹ്​മണരെ നിയമിക്കുന്നത്​ ആർക്കും എതിർപ്പില്ലെങ്കിൽ പരിശോധിക്കാം -ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമലയിൽ ബ്രാഹ്​മണ പൂജ തുടരുമെന്ന്​ ദേവസ്വം ബോർഡ്​. ബ്രാഹ്​മണ പൂജയാണ്​ അംഗീകൃത സ​മ്പ്രദായമെന്ന്​ ദേവസ്വം പ്രസിഡന്‍റ്​ എൻ. വാസു മാധ്യമങ്ങളോട്​ പറഞ്ഞു. ഇത്തവണ മേൽശാന്തി നിയമനം ബ്രാഹ്​മണരിൽനിന്ന്​ മാത്രമായിരിക്കും. അബ്രാഹ്​മണരെ നിയമിക്കുന്നത്​ എല്ലാവരുമായി ചർച്ച ചെയ്​തശേഷം മാത്രം തീരുമാനമെടുക്കും. ആർക്കും എതിർപ്പില്ലെങ്കിൽ മാത്രം ദേവസ്വം ബോർഡ്​ ഇക്കാര്യം പരിശോധിക്കാം -എൻ. വാസു പറഞ്ഞു.

2021 സീസണിലേക്കുള്ള ശബരിമല മേല്‍ശാന്തി നിയമനത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം ജൂണ്‍ ഒന്നിന്​ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്നു. മലയാളി ബ്രാഹ്‌മണര്‍ക്കു മാത്രമേ നിയമനത്തിന് അപേക്ഷിക്കാന്‍ കഴിയൂ എന്നാണ് ദേവസ്വം വെബ്‌സൈറ്റിലെ വിശദാംശങ്ങളിലുള്ളത്. കീഴ്​ജാതി വിവേചനത്തിൻെതിരെ 'അയ്യപ്പന്​ അയിത്തമോ' പേരിൽ ബി.ഡി.ജെ.എസ്​ കാമ്പയിൻ നടത്തുന്നുണ്ട്​. ഈ പ​ശ്​ചാത്തലത്തിലാണ്​ ദേവസ്വം പ്രസിഡന്‍റിന്‍റെ പ്രതികരണം.

ശബരിമല മേൽശാന്തി നിയമന നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജിയും നിലനിൽക്കുന്നുണ്ട്​. ശബരിമല മാളികപ്പുറം മേൽശാന്തി പദവിയിലേക്ക് അപേക്ഷിക്കുന്നവർ മലയാള ബ്രാഹ്മണൻ ആയിരിക്കണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ചാണ് ഹർജി.

ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥകൾ സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നാണ് ഹർജിക്കാരന്‍റെ വാദം. മേൽശാന്തി നിയമനത്തിനുള്ള ദേവസ്വം ബോർഡ് വിജ്ഞാപനം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.  അഡ്വ. ടി.ആര്‍. രാജേഷ് മുഖേന ടി.എൽ. സിജിത്ത്​, പി.ആർ വിജീഷ്​ എനിവരും  അഡ്വ.ബി.ജി. ഹരീന്ദ്രനാഥ് മുഖേന സി.വി.വിഷ്ണുനാരായണനുമാണ്​ ഹൈക്കോടതിയെ സമീപിച്ചത്​. ജസ്റ്റിസ് സി.ടി. രവികുമാറിൻ്റെ ബഞ്ച് ജൂലൈ 28ന് കേസ് വീണ്ടും പരിഗണിക്കും

നിലവിൽ ശബരിമലയിലും മാളിപ്പുറത്തും ഒരു വർഷത്തേക്കാണ് നിയമനം. പത്തുവർഷം ഏതെങ്കിലും ക്ഷേത്രത്തിൽ മേൽശാന്തിയായി പ്രവർത്തിച്ചവർക്കാണ് അവസരം. എല്ലാവർഷവും അബ്രാഹ്മണരും അപേക്ഷിക്കാറുണ്ടെങ്കിലും ബ്രാഹ്മണരല്ലെന്ന കാര്യത്തിൽ നിരസിക്കാറാണ് പതിവ്.

Tags:    
News Summary - Melshanthi appointment in Sabarimala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.