കോഴിക്കോട്: പതിമൂന്ന് വർഷം മുമ്പ് എം.എൻ. വിജയൻ അന്ത്യശ്വാസം വലിച്ചത് തൃശൂർ പ്രസ് ക്ലബിൽ തുറന്നുവെച്ച നിരവധി കാമറകളുടെ മുന്നിലായിരുന്നു. പക്ഷേ, 29 വർഷം മുമ്പ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെനറ്റ് ഹാളിൽ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. കെ.എൻ. എഴുത്തച്ഛൻ പ്രസംഗമധ്യേ ജീവശ്വാസം നിലച്ചു വീഴുമ്പോൾ ഒപ്പിയെടുക്കാൻ ഒരൊറ്റ കാമറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് ചരിത്രമായി മാറിയ ആ സംഭവത്തിെൻറ മരവിപ്പ് ഇപ്പോഴുമുണ്ട് പുനലൂർ രാജൻ എന്ന ഫോട്ടോഗ്രാഫർക്ക്.
1981 ഒക്ടോബർ 28ന് സർവകലാശാല സെനറ്റ് ഹാളിൽ ചെറുകാട് സ്മാരക പ്രഭാഷണം നിർവഹിക്കുകയായിരുന്നു കെ.എൻ. എഴുത്തച്ഛൻ. വ്യൂ ഫൈൻഡറിലൂടെ അദ്ദേഹത്തിൽതന്നെ തറപ്പിച്ചുനിർത്തിയ കണ്ണുകളിൽ രാജൻ ആ ദൃശ്യം കണ്ടു.
പിന്നിലേക്ക് മറിഞ്ഞുപോകുന്ന പ്രഭാഷകെൻറ കണ്ണുകൾ. മരണത്തിലേക്ക് ഒരാൾ ചുവടുവെച്ചെത്തുന്ന നിമിഷം. ഒരൊറ്റ ക്ലിക്. രണ്ടാമതൊന്നിന് ഇടയില്ലാത്ത വിധം മരണം തട്ടിയെടുത്ത നൊടിയിട.
നിരന്നുനിന്ന നിരവധി ഫോട്ടോഗ്രാഫർമാർക്കിടയിൽ ആ ഒരു മുഹൂർത്തം പുനലൂർ രാജെൻറ കാമറയിൽ മാത്രമേ പതിഞ്ഞുള്ളൂ. പിറ്റേ ദിവസം 'മാതൃഭൂമി'യിൽ ആ വാർത്ത വന്നത് ഈ അപൂർവ ചിത്രവുമായായിരുന്നു.
കെ.എൻ. എഴുത്തച്ഛെൻറ മരണത്തിന് തൊട്ടുമുൻപ് എടുത്ത ചിത്രം
''ആ നിമിഷത്തെക്കുറിച്ചോർക്കുമ്പോൾ ഇപ്പോഴും എെൻറയുള്ളിലൂടെ ഒരു പെരുപ്പ് കടന്നുപോകും. ജീവിതംതന്നെ മാറ്റിമറിച്ച ചിത്രമായിരുന്നു അത്'' -81ാമത്തെ വയസ്സിൽ ചെറുവണ്ണൂരിലെ വീട്ടിലിരുന്ന് ഈ ലോക കാമറദിനത്തിലും പുനലൂർ രാജൻ അത് ഓർത്തെടുക്കുന്നു. ''വ്യൂ ഫൈൻഡറിലൂടെ മരണം കാണുന്നത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു'' -രാജൻ പറയുന്നു.
വൈക്കം മുഹമ്മദ് ബഷീറിെൻറ ഏറ്റവും കൂടുതൽ ചിത്രങ്ങൾ എടുത്തത് പുനലൂർ രാജനാണ്. ഏത് പാതിരാത്രിയിലും ബഷീറിെൻറ വീട്ടിൽ കയറിച്ചെല്ലാൻ സ്വാതന്ത്ര്യമുണ്ടായിരുന്നയാൾ.
പുനലൂരിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി വന്ന രാജനെ കോഴിക്കോടിെൻറ കണ്ണാക്കി മാറ്റിയതും ബേപ്പൂരുകാരി തങ്കമണി ടീച്ചറെ ജീവിതപങ്കാളിയാക്കിച്ചതും ബഷീർ ആയിരുന്നു.
ബഷീറിനു ചുറ്റും കറങ്ങിയ ലോകത്തിൽ കാമറയും തൂക്കി രാജനുമുണ്ടായിരുന്നു. ആറാം വയസ്സിൽ ജർമൻ നിർമിത റോളിഫ്ലെക്സ് കാമറയുമായി തുടങ്ങിയതാണ് രാജെൻറ ഫോട്ടോഗ്രഫി പ്രണയം.
ഡിജിറ്റൽ യുഗത്തിലേക്ക് ഫോട്ടോഗ്രഫി കടന്നപ്പോൾ കാമറകളുമായുള്ള ചങ്ങാത്തം അവസാനിപ്പിച്ചെങ്കിലും ഓർമകളുടെ ഷട്ടർ ഒളിമങ്ങാതെ തുറന്നുതന്നെയിരിക്കുന്നു.
കെ.എ. സൈഫുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.