മലപ്പുറം: ഫുട്ബാൾ താരം മെസ്സിയെക്കുറിച്ച ചോദ്യത്തിന് ‘ബ്രസീൽ ഫാനായതിനാൽ ഉത്തരമെഴുതില്ല’ എന്ന് രേഖപ്പെടുത്തിയ ഉത്തരക്കടലാസ് വൈറലായ സംഭവത്തിൽ അന്വേഷണത്തിന് മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ (ഡി.ഡി.ഇ) അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫിസർക്ക് (എ.ഇ.ഒ) നിർദേശം നൽകി. എങ്ങനെയാണ് ഉത്തരക്കടലാസ് ചോർന്നതെന്നും എങ്ങനെ വൈറലായി എന്നതും അന്വേഷിക്കും. ബന്ധപ്പെട്ട സ്കൂൾ അധികൃതരോട് വിശദീകരണം തേടി. സ്കൂളിൽനിന്നാണ് ഉത്തരപേപ്പർ ചോർന്നതെങ്കിൽ നടപടിയുണ്ടാകും.
വിദ്യാർഥിനിയോ ബന്ധുക്കളോ ആണ് പേപ്പർ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതെങ്കിൽ നടപടിയുണ്ടാകില്ലെന്ന് ഡി.ഡി.ഇ കെ.പി. രമേഷ് കുമാർ പറഞ്ഞു. രണ്ട് ദിവസത്തിനകം വിശദ റിപ്പോർട്ട് തയാറാക്കി നൽകാനാണ് നിർദേശം. പൊതുവിദ്യാഭ്യാസ ഡയറക്ടർ വിശദീകരണം തേടുകയാണെങ്കിൽ വിശദ റിപ്പോർട്ട് നൽകുമെന്നും ഡി.ഡി.ഇ അറിയിച്ചു.
തിരൂർ പുറത്തൂർ പുതുപ്പള്ളി ശാസ്ത എ.എൽ.പി സ്കൂളിലെ പി.വി. റിസ ഫാത്തിമയുടെ മലയാള പേപ്പറിന്റെ ഉത്തരക്കടലാസാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. നാലാം ക്ലാസ് മലയാളം വാർഷികപരീക്ഷ പേപ്പറിൽ നാലാമത്തെ പ്രവർത്തനമായാണ് ലയണൽ മെസ്സിയുടെ ജീവചരിത്രം തയാറാക്കാൻ ആവശ്യപ്പെട്ടത്. എന്നാൽ, ഈ ചോദ്യത്തിന് ഉത്തരം എഴുതേണ്ട ഭാഗത്ത് ‘ഞാൻ എഴുതൂല, ഞാൻ ബ്രസീൽ ഫാൻ ആണ്, എനിക്ക് നെയ്മറിനെയാണ് ഇഷ്ടം, മെസ്സിയെ ഇഷ്ടമല്ല’ എന്നാണ് റിസ എഴുതിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.