കൊച്ചി: കലൂർ ജവഹർലാൽ െനഹ്റു സ്റ്റേഡിയം മുതൽ കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണത്തിെൻറ സ്ഥലമേറ്റെടുപ്പ് സംബന്ധിച്ച കരട് റിപ്പോർട്ട് ഡിസംബർ 15ന് ശേഷം സമർപ്പിക്കും. ഇതിന് കലക്ടറുടെ അനുമതി ലഭിച്ചാൽ അന്തിമ റിപ്പോർട്ട് തയാറാക്കി ഉടമകൾക്ക് പണം കൈമാറും. കാക്കനാട്, ഇടപ്പള്ളി സൗത്ത്, വാഴക്കാല വില്ലേജുകളാണ് ഇവിടെ ഉൾപ്പെടുന്നത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) നിശ്ചയിച്ച സമയക്രമമനുസരിച്ച് ആദ്യ ഘട്ട നിർമാണം നടക്കേണ്ട കാക്കനാട്, ഇടപ്പള്ളി സൗത്ത് എന്നിവിടങ്ങളിലെ നടപടിയാണ് പുരോഗമിക്കുന്നത്.
അതേസമയം കാക്കനാട് വില്ലേജിലെ സ്ഥലമെടുപ്പിൽ എതിർപ്പ് പ്രകടിപ്പിച്ച് രണ്ട് പേർ കേസ് നൽകിയിട്ടുണ്ട്. കെ.എം.ആർ.എല്ലുമായുള്ള ചർച്ചയിലൂടെയോ കേസിലെ തീർപ്പിലൂടെയോ തീരുമാനമാകുന്നത് വരെ വില്ലേജിലെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാനാകില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥലം ഉടമകളെ വിളിച്ചുവരുത്തി രേഖകൾ പരിശോധിക്കുന്ന പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇതിന് മുമ്പ് പൂർത്തിയാക്കേണ്ട പ്രഥമ വിലനിർണയ റിപ്പോർട്ട്, വിശദ വിലനിർണയ സ്റ്റേറ്റ്മെൻറ് എന്നിവക്ക് അംഗീകാരം കിട്ടി. സ്ഥലവില മാത്രം നിശ്ചയിച്ചുള്ള രേഖയാണ് പ്രഥമ വിലനിർണയ റിപ്പോർട്ട്. സ്ഥലം, അതിലെ നിർമിതികൾ, മരങ്ങൾ അടക്കമുള്ള മറ്റുവസ്തുവകകൾ എന്നിവയുടെയെല്ലാം വില നിർണയിച്ച റിപ്പോർട്ടാണ് വിശദ വിലനിർണയ സ്റ്റേറ്റ്മെൻറ്. കക്ഷികളെ വിളിച്ചുവരുത്തി രേഖകൾ പരിശോധിക്കുമ്പോൾ വില അറിയിക്കാനാണ് ഇത്.
അഞ്ച് കിലോമീറ്റർ ചുറ്റളവിൽ കഴിഞ്ഞ മൂന്ന് വർഷം വിൽപനയായ വസ്തുക്കളുടെ ആധാരം പരിശോധിച്ചാണ് വിലനിർണയം. ഏറ്റവും കൂടിയ വിലയിൽ വിൽപന നടന്ന അഞ്ച് വസ്തുവിെൻറ ശരാശരി കണക്കാക്കിയാണ് തുക നിശ്ചയിക്കുന്നത്. ഇതോടൊപ്പം സ്ഥലത്ത് ഉൾക്കൊള്ളുന്ന നിർമിതികളുടെയും വസ്തുക്കളുടെയും വിലയും നഷ്ടപരിഹാരവും കൂട്ടിച്ചേർത്തുള്ളതാണ് തുക. ഡിസംബർ 15ന് മുമ്പ് തൃപ്പൂണിത്തുറ പാതയിലെ വടക്കേക്കോട്ട സ്റ്റേഷെൻറ ഭൂമി കൈമാറേണ്ടതിനാലാണ് കാക്കനാട് റൂട്ടിലെ പ്രവൃത്തികൾ വൈകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.