കോട്ടയം: എം.ബി.എ മാർക്ക് ലിസ്റ്റ് വേഗത്തിൽ നൽകാൻ ജീവനക്കാരി കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എം.ജി സർവകലാശാല അന്വേഷണത്തിലേക്ക്. നാളെ ചേരുന്ന സിൻഡിക്കേറ്റ് യോഗത്തിൽ അന്വേഷണ സമിതി നിശ്ചയിക്കുന്നത് സംബന്ധിച്ച് തീരുമാനിക്കും. എം.ബി.എ ഫലത്തിലെ അപാകതകൾ മുതലെടുത്താണ് ജീവനക്കാരി തട്ടിപ്പ് നടത്തിയതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. സംഭവത്തിൽ കൂടുതൽ ജീവനക്കാർക്ക് പങ്കുണ്ടോയെന്ന് വിജിലൻസ് അന്വേഷിക്കും.
എം.ബി.എ മാർക്ക് ലിസ്റ്റ് വേഗത്തിൽ നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട എം.ജി യൂനിവേഴ്സിറ്റി അസിസ്റ്റന്റായ കോട്ടയം ആർപ്പൂക്കര കാരോട്ട് കൊങ്ങവനം സി.ജെ. എൽസിയെയാണ് (48) കോട്ടയം വിജിലൻസ് ഇന്നലെ അറസ്റ്റ് ചെയ്തത്. പത്തനംതിട്ട സ്വദേശിനിയായ വിദ്യാർഥിനിയിൽ നിന്ന് 15,000 രൂപ വാങ്ങുന്നതിനിടെ പരീക്ഷ ഭവന്റെ മുന്നിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രൊവിഷനൽ സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റും വേഗത്തിൽ നൽകാൻ വിദ്യാർഥിനിയോട് 50,000 രൂപയാണ് ആവശ്യപ്പെട്ടത്. അത്രയും തുക നൽകാൻ നിർവാഹമില്ലെന്ന് അറിയിച്ചപ്പോൾ 30,000 രൂപയാക്കി. ഇതിൽ 15,000 രൂപ ശനിയാഴ്ചയും ബാക്കി ഒരാഴ്ചക്കുശേഷവും നൽകണമെന്നും എൽസി ആവശ്യപ്പെട്ടു. വിദ്യാർഥിനി വെള്ളിയാഴ്ച വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി. വിനോദ് കുമാറിനെ അറിയിക്കുകയും പരാതി നൽകുകയുമായിരുന്നു.
2014-16 ബാച്ചിൽ കോഴ്സ് പൂർത്തിയാക്കിയ വിദ്യാർഥിനി പരാജയപ്പെട്ട ഏഴ് വിഷയങ്ങൾ നേരത്തെ എഴുതിയെടുത്തിരുന്നു. അവശേഷിച്ച ഒരുവിഷയത്തിന്റെ പരീക്ഷ കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന മേഴ്സി ചാൻസിൽ എഴുതി. ഇതിന്റെ ഫലം പ്രസിദ്ധീകരിച്ചോയെന്ന് മാസങ്ങൾക്കുമുമ്പ് സെക്ഷനിൽ വിളിച്ചന്വേഷിച്ച വിദ്യാർഥിനിയോട്, തോറ്റുപോയെന്ന് തെറ്റിദ്ധരിപ്പിച്ചു. തുടർന്ന് വിവിധ വാഗ്ദാനങ്ങൾ നൽകി വിദ്യാർഥിനിയിൽ നിന്ന് 1,25,000 രൂപ എൽസി വാങ്ങിയെടുത്തു.
എന്നാൽ, ഈ മാസം ആദ്യം ഫലം പ്രസിദ്ധീകരിച്ചപ്പോൾ വിദ്യാർഥിനി നൂറിൽ 57 മാർക്ക് നേടി വിജയിച്ചു. ഇതോടെ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് വിദ്യാർഥിനി തിരിച്ചറിയുകയായിരുന്നുവെന്നും വിജിലൻസ് പറഞ്ഞു. എൽസിയെ തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹാജരാക്കി. ഇവർ കൂടുതൽപേരിൽ നിന്ന് പണം വാങ്ങിയതായുള്ള സൂചന വിജിലൻസിന് ലഭിച്ചിട്ടുണ്ട്. മറ്റാരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്നും വിശദ അന്വേഷണം നടത്തുമെന്നും വിജിലൻസ് അറിയിച്ചു. അതേസമയം, എൽസിയെ അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തതായി സർവകലാശാല രജിസ്ട്രോർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.