ഫറോക്ക്: ചെറിയ പിണക്കത്തിൽ വീടുവിട്ടിറങ്ങിയ കൊല്ലത്തുകാരൻ മൈക്കിൾ വർഷങ്ങൾക്കുശേഷം ഫാറൂഖ് കോളജിലെ സ്നേഹതീരം വൃദ്ധസദനം വഴി കുടുംബത്തിലേക്ക് തിരിച്ചെത്തി. കൊല്ലം സ്വദേശി വടക്കെവിള കെ.ജെ.വി മന മുള്ളുവിള മൈക്കിൾ വർഗീസാണ് വെള്ളിയാഴ്ച ഭാര്യക്കും മകനുമൊപ്പം കോഴിക്കോട് ഫാറൂഖ് കോളജിലെ സ്നേഹതീരം വൃദ്ധസദനത്തിൽനിന്ന് കൊല്ലത്തേക്ക് തിരിച്ചത്.
കോവിഡ് മഹാമാരിയുടെ ആരംഭത്തിൽ കഴിഞ്ഞ മാർച്ചിലാണ് ഫറോക്ക് ടൗണിൽനിന്ന് നഗരസഭ ആരോഗ്യവിഭാഗം ഹെൽത്ത് ഇൻസ്പെക്ടർ ഇദ്ദേഹത്തെ സ്നേഹതീരത്തിന് കൈമാറിയത്. മുഷിഞ്ഞ വസ്ത്രങ്ങളണിഞ്ഞ് മുടി നീട്ടിവളർത്തി ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു.
സ്നേഹതീരം പ്രവർത്തകർ കുളിപ്പിച്ച് മുടിവെട്ടി വൃത്തിയാക്കി, ചികിത്സ നൽകി. പുതുവസ്ത്രങ്ങൾ അണിയിച്ചാണ് വൃദ്ധസദനത്തിൽ പാർപ്പിച്ചിരുന്നത്. കഴിഞ്ഞ ജൂണിലാണ് മൈക്കിൾ തെൻറ ബന്ധുക്കൾ കൊല്ലത്തുള്ള വിവരം സ്നേഹതീരം മാനേജർ ടി.എ. സിദ്ദീഖ് കോടമ്പുഴയെ അറിയിച്ചത്.
ഇദ്ദേഹം സമൂഹമാധ്യമങ്ങൾ വഴി നടത്തിയ അന്വേഷണത്തിലാണ് ആറുമാസങ്ങൾക്കുശേഷം മൈക്കിളിെൻറ നാട്ടുകാർ വഴി ബന്ധുക്കളുമായി ബന്ധപ്പെട്ടത്. തുടർന്ന് ഭാര്യ മറിയാമ്മ, മകൻ റോയി മൈക്കിൾ എന്നിവർ വെള്ളിയാഴ്ച രാവിലെ ആറിന് വ്യദ്ധസദനത്തിൽ എത്തുകയായിരുന്നു.
ഉച്ചക്ക് ഒരുമണിക്ക് ബന്ധുക്കളോടൊപ്പം മൈക്കിൾ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് കൊല്ലത്തേക്ക് യാത്ര തിരിച്ചു. ശേഷിക്കുന്ന കാലം കുടുംബത്തോടൊപ്പം കഴിയുമെന്ന് വാക്കുനൽകിയാണ് ഇദ്ദേഹം യാത്രപറഞ്ഞത്. സ്നേഹതീരത്തിലെ അന്തേവാസിയായ 36ാമത്തെ ആളെയാണ് ഇന്നലെ ബന്ധുക്കളെ കണ്ടെത്തി കുടുംബബന്ധം വിളക്കിച്ചേർത്തത്.
ഇനിയും 24 പേർ കൂടി ഇവിടെ അന്തേവാസികളായുണ്ട്. രണ്ടുപേർ സ്ത്രീകളാണ്. എല്ലാവരും 55- 60ന് മുകളിൽ പ്രായമുള്ളവർ. സ്നേഹതീരം ചെയർമാൻ അരുൺകുമാർ, മാനേജർ ടി.എ. സിദ്ദീഖ് കോടമ്പുഴ, വാഴയൂർ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കൃഷ്ണദാസ്, പ്രേമൻ പറന്നാട്ടിൽ, സന്നദ്ധ പ്രവർത്തകൻ ജലീൽ പള്ളിമേത്തൽ എന്നിവരാണ് മൈക്കിൾ വർഗീസിനെ യാത്രയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.