കൊച്ചി: സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് നിലവിൽ അനുവദിക്കുന്ന തുക വർധിപ്പിക്കുമെന്നും ഇക്കാര്യത്തിൽ ജനുവരി 15നകം തീരുമാനമെടുക്കുമെന്നും സർക്കാർ ഹൈകോടതിയെ അറിയിച്ചു. കുടിശ്ശികത്തുക അനുവദിക്കണമെന്നും പദ്ധതിക്കുള്ള തുക വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ, കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവർ നൽകിയ ഹരജികളിലാണ് സർക്കാർ അഭിഭാഷകൻ ഇക്കാര്യം അറിയിച്ചത്. തുക വർധിപ്പിക്കുന്നതിന് പൊതു വിദ്യാഭ്യാസ ഡയറക്ടർ ശിപാർശ നൽകിയിട്ടുണ്ടെന്നും വിശദീകരിച്ചു.
ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കിയ വകയിൽ സ്കൂളുകളിലെ പ്രധാനാധ്യാപകർക്ക് നൽകാനുള്ള തുക ഉടൻ നൽകാൻ നിർദേശിക്കണമെന്നതായിരുന്നു ഹരജിക്കാരുടെ പ്രധാന ആവശ്യം.
ഒക്ടോബർ വരെയുള്ള തുക നൽകിയെന്നും നവംബറിലെ തുക നൽകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുകയാണെന്നും സർക്കാർ അറിയിച്ചു. നിലവിൽ പദ്ധതിക്ക് അനുവദിക്കുന്ന തുക അപര്യാപ്തമാണെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ടി.ആർ. രവി ഹരജികൾ ജനുവരി 16ലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.