ക​ള​മ​ശ്ശേ​രി നെ​സ്റ്റ് ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​യി​ൽ കു​ഴി​യെ​ടു​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ൽ​പെ​ട്ട്

മ​ണ്ണി​ന​ടി​യി​ലാ​യ തൊ​ഴി​ലാ​ളി​യെ പു​റ​ത്തെ​ടു​ക്കു​ന്നു    

'ഛോട്ടൂ... കണ്ണുതുറക്കൂ...' അലറിക്കരഞ്ഞ് കൂട്ടുകാർ

കൊച്ചി: മണ്ണിനടിയിൽ അകപ്പെട്ട സഹോദരങ്ങളെ വിളിച്ച് ആർത്തുകരഞ്ഞ് നൊമ്പരമായി അന്തർസംസ്ഥാന തൊഴിലാളികൾ. കളമശ്ശേരി നെസ്റ്റ് ഇലക്ട്രോണിക്സ് സിറ്റിയിലെ ദാരുണ അപകടത്തിന്‍റെ രക്ഷാപ്രവർത്തനം നടക്കുമ്പോൾ ദേഹം നിറയെ മണ്ണ് പുരണ്ട് കരച്ചിലും പ്രാർഥനയുമായി ഇരുന്ന അവർ രക്ഷാപ്രവർത്തകർക്കും കണ്ണീർകാഴ്ചയായി.

'പതിനഞ്ച് ദിവസം മുമ്പാണ് 25 പേർ വരുന്ന ഇവർ കൊൽക്കത്തയിൽ നിന്ന് കേരളത്തിൽ എത്തിയത്. ആദ്യമായാണ് ഇവിടെ വരുന്നത്. അവർക്ക് ബംഗാളി ഭാഷ മാത്രമേ അറിയൂ. നാട്ടിൽ ദാരിദ്ര്യം മാത്രമേയുള്ളൂ' -പശ്ചിമ ബംഗാൾ മാല ജില്ലക്കാരനായ നസറുദ്ദീൻ വിവരിക്കുന്നു. അപകടത്തിൽ മരിച്ച നൗജേഷ് ഷാലിയുടെ സഹോദരൻ ഓലി അമീർ മണ്ഡലും ഇതേ ജോലിസ്ഥലത്തുണ്ടായിരുന്നു. 'ഛോട്ടൂ...' എന്ന് വിളിച്ച് അലറിക്കരഞ്ഞുകൊണ്ടിരുന്ന ഓലി അമീർ ഇടക്കിടെ അവന് മൂന്ന് കുട്ടികൾ ഉണ്ടെന്നും അതിലൊന്ന് പെൺകുഞ്ഞാണെന്നും വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു.

പശ്ചിമ ബംഗാൾ സ്വദേശി തന്നെയായ കരാറുകാരനാണ് എല്ലാവരെയും കളമശ്ശേരിയിലെ പണിസ്ഥലത്ത് കൊണ്ടുവന്നത്. ചെറുതായി മണ്ണിടിഞ്ഞ് വീഴുന്നത് ശ്രദ്ധയിൽപെട്ടപ്പോൾ അത് കരാറുകാരനോട് പറഞ്ഞിരുന്നെങ്കിലും പെട്ടെന്ന് പണിതീർക്കണം എന്ന് ആവശ്യപ്പെട്ട് നിർബന്ധിച്ച് കുഴിയിലേക്ക് ഇറക്കിയതായി രക്ഷപ്പെട്ടവർ പറയുന്നു. സുരക്ഷക്കായി ഒന്നും സജ്ജീകരിച്ചിരുന്നില്ല. ഒരു ടിപ്പർ ലോറിക്ക് ഇറങ്ങാൻ കഴിയുന്ന വീതിയിൽ 25 അടിയോളം കുഴിയിലേക്ക് ഇറക്കമാണ്. അതിനുള്ളിലാണ് ഇത്രയും തൊഴിലാളികളെ ഇറക്കി പണിയെടുപ്പിച്ചിരുന്നത്.

അൽപം മുമ്പുവരെ തങ്ങൾക്കൊപ്പം ജോലിചെയ്തിരുന്നർ പത്തടിയോളം മണ്ണിനുകീഴെ കിടക്കുകയാണെന്ന് മിനാജൂറും ജലാലുദ്ദീൻ മണ്ഡലുമൊക്കെ കണ്ണീരോടെ വിവരിച്ചുകൊണ്ടിരുന്നു. അഗ്നി രക്ഷസേന ഓരോരുത്തരെയായി പുറത്തെടുത്ത് തൊട്ടടുത്ത് കിടന്ന ആംബുലൻസിലേക്ക് ഓടുമ്പോൾ ഉച്ചത്തിൽ അവരുടെ പേരെടുത്ത് വിളിച്ച് കണ്ണ് തുറപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ഒപ്പമുള്ളവർ.

നാട്ടിലെ ദാരിദ്ര്യ ചുറ്റുപാടുകളിൽനിന്ന് സ്ഥിര ജോലിയും കൂലിയും കിട്ടുമെന്ന പ്രതീക്ഷയിൽ കേരളത്തിൽ എത്തി 15ാം ദിനം തന്നെ ദാരുണമായി മരിച്ചുപോയി നാലുപേരും. നടുക്കുന്ന അപകടത്തിന്‍റെ ഞെട്ടലിൽ വിറച്ചിരിക്കുകയാണ് ഒന്നിച്ചെത്തിയ സംഘത്തിൽ ബാക്കിയായ 21 പേരും.

കെട്ടിപ്പിടിച്ച നിലയിൽ മൃതദേഹങ്ങൾ, ദാരുണ കാഴ്ചകൾ

കൊച്ചി: സുരക്ഷ ചട്ടങ്ങൾ കാറ്റിൽപറത്തിയ നിർമാണത്തിൽ പൊലിഞ്ഞത് നാല് ജീവനുകൾ. മൂന്നുപേരുടെ മൃതദേഹങ്ങൾ കെട്ടിപ്പിടിച്ച നിലയിലാണ് കണ്ടെടുത്തത്. അപകടസ്ഥലത്ത് ദാരുണ കാഴ്ചകളായിരുന്നു. അന്തർ സംസ്ഥാന തൊഴിലാളികളാണ് പണിയെടുക്കുന്നത് എന്നതുകൊണ്ട് അപകടകരമായ ജോലികളിൽപോലും കാര്യമായി മേൽനോട്ടമില്ലെന്നതിന് തെളിവാണ് കളമശ്ശേരി മണ്ണിടിച്ചിൽ അപകടം.

''25 അടിയോളം കുഴിയെടുത്തതിന്‍റെ പത്തടി താഴ്ചയിൽപോലും പ്ലാസ്റ്റിക് കവറുകൾ കാണാം. ചളിയും പുതഞ്ഞ മണ്ണുമൊക്കെകൊണ്ടാണ് സ്ഥലം നികത്തിയത്. മണ്ണിടിഞ്ഞ് വീഴുമെന്ന് ഉറപ്പുള്ളപ്പോൾ അരികിൽ ഇരുമ്പ് ഷീറ്റുകൾകൊണ്ട് കെട്ടാതെ എന്തുകൊണ്ട് തൊഴിലാളികളെ ഇറക്കിയെന്ന് മനസ്സിലാകുന്നില്ല'' -രക്ഷാപ്രവർത്തനത്തിന് ആദ്യമെത്തിയ ആലുവ തുരുത്ത് സ്വദേശി എൻ.കെ. നൗഷാദ് ചോദിക്കുന്നു. എസ്.ഡി.പി.ഐ ആലുവ നിയോജക മണ്ഡലം പ്രസിഡന്‍റായ ഇദ്ദേഹവും സജീവ് കോമ്പാറയുമാണ് അഗ്നിരക്ഷാ സേനക്കൊപ്പം തുടക്കത്തിൽ തിരച്ചിലിന് കൂടിയത്.

ദാരുണാപകടമാണ് നടന്നതെന്ന് രക്ഷാപ്രവർത്തനത്തിൽ പങ്കുചേർന്ന ഐ.ആർ.ഡബ്ല്യു അംഗങ്ങളായ അമീർ എടത്തലയും ഷമീറും ജമാലുമൊക്കെ പറയുന്നു. കോൺക്രീറ്റ് ചെയ്യുന്നതിന് മുന്നോടിയായി കോളം വാർക്കുന്നതിന് 25 അടിയോളമാണ് കുഴിയെടുക്കുന്നത്. എടുക്കുന്ന മണ്ണ് അപ്പപ്പോൾ ടിപ്പർ ലോറികളിൽ കയറ്റി മാറ്റും. നികത്തിയ സ്ഥലമായതിനാൽ കുഴിക്ക് സമീപത്തുകൂടി ടിപ്പർ ഓടിക്കുമ്പോൾ അതിന്‍റെ സമ്മർദത്തിൽ മണ്ണ് ഇടിഞ്ഞതാണ് പൊടുന്നനെ അപകടത്തിന് കാരണമായതെന്ന് രക്ഷപ്പെട്ട തൊഴിലാളികൾതന്നെ പറയുന്നു. 30 ഏക്കർ വരുന്നതാണ് അപകടം നടന്ന സ്ഥലം.

Tags:    
News Summary - migrant workers mourn loss of their brothers who were trapped in the soil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.