കണ്ണൂർ: രാഷ്ട്രീയ കളിയിൽ ബലിയാടായി മിൽമ ജീവനക്കാർ. നിയമന പരീക്ഷക്കെതിരായ പരാതിയെ തുടർന്ന് പിരിച്ചുവിടൽ നോട്ടീസ് ലഭിച്ച ജീവനക്കാരുടെ അപ്പീല്‍ തീര്‍പ്പാക്കാതെ ക്ഷീരവികസന വകുപ്പും മിൽമയും ജീവനക്കാരെ ദുരിതത്തിലാക്കുന്നു. വർഷങ്ങളായി സർവിസിൽ തുടരുന്ന സ്ഥിര ജീവനക്കാരെ പിരിച്ചുവിട്ടതായി 2018ലാണ് മിൽമ നോട്ടീസ് നൽകിയത്. വിവിധ തസ്തികകളിലേക്കുള്ള നിയമനത്തിന് മൂന്നു വിഷയങ്ങളാണ് അടിസ്ഥാന യോഗ്യതയായി മിൽമ നൽകിയത്. എന്നാൽ, പ്രത്യേകം പരീക്ഷ നടത്തുകയും ഒരു റാങ്ക് പട്ടിക തയാറാക്കുകയും ചെയ്തുവെന്നാരോപിച്ച് ലഭിച്ച പരാതിയിലാണ് ജീവനക്കാർക്ക് മിൽമ നോട്ടീസ് നൽകിയത്. കേരള പി.എസ്.സി പോലും സമാനമായ പരീക്ഷകൾ നടത്തി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുേമ്പാഴാണ് മിൽമയുടെ നടപടി.
ലാബ് അസിസ്റ്റൻറ്, ടെക്നിക്കല്‍ ഗ്രേഡ് രണ്ട്, ടെക്നിക്കല്‍ ഗ്രേഡ് രണ്ട് (ബോയ്ലര്‍), അക്കൗണ്ട്സ് ഓഫിസര്‍ വിഭാഗങ്ങളിലെ 30 സ്ഥിരം ജീവനക്കാര്‍ക്കാണ് പിരിച്ചുവിടൽ നോട്ടീസ് നല്‍കിയത്. 2010 മേയ് ആറിലെ മില്‍മയുടെ വിജ്ഞാപന പ്രകാരം അപേക്ഷിച്ച് 2012ല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്കാണ് ആറ് വർഷത്തിനുശേഷം പിരിച്ചുവിടല്‍ നോട്ടീസ് ലഭിച്ചത്.
പാലക്കാടുള്ള ഇടത് ക്ഷീരസംഘം പ്രസിഡൻറ് നൽകിയ പരാതിയെ തുടർന്നാണ് നടപടി. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് നിയമനം റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. എന്നാൽ, ഉത്തരവിെൻറ പകര്‍പ്പ് നൽകിയിരുന്നില്ല. പത്തുദിവസത്തിനകം മറുപടി നൽകണമെന്ന നിര്‍ദേശത്തെ തുടർന്ന് ജീവനക്കാര്‍ നിരപരാധിത്വം വ്യക്തമാക്കി മറുപടി നൽകുകയും ഹൈകോടതിയില്‍നിന്ന് സ്റ്റേ സമ്പാദിക്കുകയും ചെയ്തു. രണ്ടുമാസത്തിനുള്ളിൽ വിഷയം തീർപ്പാക്കാൻ ഹൈകോടതി നിർദേശിച്ചുവെങ്കിലും മൂന്നുവര്‍ഷം കഴിഞ്ഞിട്ടും നടപടിക്ക് വകുപ്പ് തയാറായില്ല.
ഇതിനിടയിലാണ് മില്‍മ മലബാർ റീജ്യൻ വിവിധ തസ്തികകളിലേക്കായി കഴിഞ്ഞദിവസം വിജ്ഞാപനം പുറപ്പെടുവിച്ചത്. ഇതോടെ, ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ജീവനക്കാർ. പുതിയ വിജ്ഞാപനത്തിലും ലാബ് അസിസ്റ്റൻറ് അടക്കമുള്ള തസ്തികകളിൽ പരാതിക്ക് അടിസ്ഥാനമായ ഒന്നിലധികം ബിരുദങ്ങൾ യോഗ്യതയായി നൽകിയിട്ടുണ്ട്. വകുപ്പിെൻറ നടപടികളിൽ സർവിസ്, സഹകരണ നിയമങ്ങള്‍ പാലിച്ചില്ലെന്നും ഗുരുതര മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നുമാണ് ജീവനക്കാരുടെ പരാതി.
മിൽമ പിടിച്ചെടുക്കാൻ ഇടത്-വലത് സംഘടനകൾ നടത്തുന്ന രാഷ്ട്രീയപ്പോരിൽ ജീവനക്കാർ ബലിയാടാവുകയാണെന്നാണ് ആരോപണം. എന്നാൽ, അപ്പീൽ ഉടൻ തീർപ്പാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മലബാര്‍ മില്‍മ മാനേജിങ് ഡയറക്ടര്‍ കെ.എം. വിജയകുമാരന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. സ്ഥിരം നിയമനം ലഭിക്കുമെന്ന വിശ്വാസത്തിൽ പരീക്ഷയെഴുതി സർവിസിൽ പ്രവേശിച്ച ഉദ്യോഗാർഥികളും കുടുംബവും തങ്ങളുടേതല്ലാത്ത കാരണത്താൽ ജോലി നഷ്ടപ്പെടുമെന്ന ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.