പാലക്കാട്: മലബാര്‍ മേഖലയിലെ ക്ഷീര കര്‍ഷകരില്‍നിന്ന് കൂടുതല്‍ പാല് സംഭരിക്കാൻ മിൽമ തീരുമാനിച്ചു. വെള്ളിയാഴ്ച മുതല്‍ ക്ഷീര സംഘങ്ങളില്‍നിന്ന് 80 ശതമാനം പാല് സംഭരിക്കുമെന്ന് മില്‍മ മലബാര്‍ മേഖല യൂനിയന്‍ ചെയര്മാന് കെ.എസ്. മണി അറിയിച്ചു.
ലോക്ഡൗൺ പശ്ചാത്തലത്തിൽ വിൽപന കുറഞ്ഞതിനാൽ സംഭരിക്കുന്ന പാലിെൻറ അളവ് 60 ശതമാനമാക്കി കുറച്ചിരുന്നു. ഇത് കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കുകയും പ്രതിഷേധമുണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനം. മിച്ചംവരുന്ന പാൽ കർണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ഫാക്ടറികളിലേക്ക് അയച്ച് പൊടിയാക്കും. നേരത്തേ, തമിഴ്നാട്ടിലെ ഫാക്ടറികളിലേക്ക് മാത്രമാണ് പാൽ അയച്ചിരുന്നത്.
ലോക്ഡൗണില്‍ പാല് വിൽപന ഗണ്യമായി കുറയുകയും ഉൽപാദനം വന്‍തോതില്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പ്രതിസന്ധി ഉടലെടുത്തത്. മഴയെത്തുടർന്ന് പച്ചപ്പുല്ല് വർധിച്ചതോടെയാണ് പാൽ കൂടിയത്. മൂന്നുലക്ഷം ലിറ്റര്‍ പാലാണ് പ്രതിദിനം മലബാര്‍ യൂനിയനില്‍ മിച്ചംവന്നത്.
ഇതര സംസ്ഥാനങ്ങളിലും ലോക്ഡൗണായതിനാല്‍ ഇത് അവിടങ്ങളിക്കേയച്ച് പൊടിയാക്കുന്നതിലും തടസ്സം നേരിട്ടു. കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് പാൽ സംഭരണത്തിൽ മിൽമ കടുത്ത നിയന്ത്രണം കൊണ്ടുവന്നത്. ക്ഷീരകർഷകർ പാലൊഴുക്കി കളഞ്ഞ് പ്രതിഷേധിച്ചതിനെ തുടർന്ന് സർക്കാർ പ്രശ്നത്തിൽ ഇടപെട്ടിരുന്നു. കോവിഡ് പരിചരണ കേന്ദ്രങ്ങളിലും അംഗൻവാടികളിലും പാൽ വിൽപന നടത്താൻ സർക്കാർ നടപടി ആരംഭിക്കുകയും ചെയ്തു.
ഉപഭോക്താക്കൾ പ്രതിദിനം അരലിറ്റർ അധികം വാങ്ങി പ്രതിസന്ധിയിൽനിന്ന് കരകയറാൻ കൈകോർക്കണമെന്ന് മിൽമ അഭ്യർഥിച്ചിരുന്നു. ഇതെല്ലാം കാരണം വിൽപന വർധിച്ചതും നിയന്ത്രണത്തിൽ അൽപം ഇളവ് വരുത്താൻ സഹായകമായതായി അധികൃതർ പറഞ്ഞു.
പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കാൻ ശ്രമം തുടരുകയാണെന്നും സമീപ ദിവസങ്ങളില്‍തന്നെ മുഴുവൻ പാലും കര്‍ഷകരില്‍നിന്ന് സംഭരിക്കാമെന്ന് കരുതുന്നതായും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.