മാനന്തവാടി: മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ വൻ അപകടത്തിൽ മരിച്ചവരെല്ലാം സ്ത്രീ തൊഴിലാളികൾ. റാണി (57), ശാന്ത (55), ചിന്നമ്മ (60), ലീല (60), ഷാജ (47), റാബിയ (62), കർത്യായനി (65), ശോഭന (55), ചിത്ര (55) എന്നിവരാണ് മരിച്ചത്.
14 പേരാണ് അപകടസമയത്ത് ജീപ്പിലുണ്ടായിരുന്നത്. ഉമാദേവി (40), ഡ്രൈവർ മണി (44), ജയന്തി (45), ലത (38), മോഹന സുന്ദരി എന്നിവരാണ് പരിക്കേറ്റ് ചികിത്സയിലുള്ളത്. ഇവരിൽ മൂന്നു പേരുടെ നില ഗുരുതരമാണ്. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ വെള്ളിയാഴ്ച ഉച്ചക്കുശേഷം 3.30ഓടെയാണ് തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് അപകടത്തിൽപെടുന്നത്.
ഇവർ മാനന്തവാടി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. 30 മീറ്റർ താഴ്ചയിലേക്ക് മറിഞ്ഞ ജീപ്പ് പൂർണമായും തകർന്നു. മക്കിമലയിൽനിന്ന് വാളാട് ഭാഗത്തേക്ക് തേയില നുള്ളാൻ വന്ന തൊഴിലാളികളെ തിരിച്ചുകൊണ്ടുപോകുന്ന വഴിയാണ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
കണ്ണോത്ത് മല ഭാഗത്തുനിന്ന് തലപ്പുഴ റോഡിലേക്ക് ഇറങ്ങി വരുന്ന വഴി കണ്ണോത്തുമല ബസ് വെയിറ്റിങ് ഷെഡിന് സമീപത്തെ താഴ്ചയിലേക്കാണ് ജീപ്പ് മറിഞ്ഞത്. പരിസരവാസികളെത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. രക്ഷാപ്രവർത്തനം ദുഷ്കരമായതാണ് മരണസംഖ്യ ഉയരാനിടയായത്.
അപകട കാരണം വ്യക്തമല്ല. തലപ്പുഴ മേഖലയിൽ ധാരാളം തേയില തോട്ടങ്ങളുണ്ട്. ഇവിടങ്ങളിലെ തൊഴിലാളികളിൽ ഭൂരിഭാഗവും സ്ത്രീകളാണ്. അതേസമയം, വനം മന്ത്രി എ.കെ. ശശീന്ദ്രൻ വയനാട്ടിലെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് മന്ത്രി കോഴിക്കോട്ടുനിന്ന് അടിയന്തരമായി മാനന്തവാടിയിലെത്തിയത്.
പരിക്കേറ്റവർക്കുള്ള ചികിത്സ ഉൾപ്പെടെയുള്ള നടപടികൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.