നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറഞ്ഞിട്ട് മാപ്പെഴുതി വെച്ചാൽ അംഗീകരിക്കാനാകില്ലെന്ന് മന്ത്രി അബ്ദുറഹ്മാൻ

തിരുവനന്തപുരം: നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതി വെക്കുന്നത് താൻ അംഗീകരിച്ചിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ. വിഴിഞ്ഞം സമരത്തിന് നേതൃത്വം കൊടുക്കുന്ന ഫാദർ തിയോഡിഷ്യസ് ഡിക്രൂസ് തന്നെ തീവ്രവാദിയെന്ന് വിളിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വികസന പ്രവർത്തനങ്ങൾ തടസപ്പെടുത്തുന്നത് രാജ്യദ്രോഹമായി കാണണം എന്നാണ് താൻ പറഞ്ഞ​തെന്നും അത് എപ്പോഴും പറയുമെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു. 'നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ച് പറഞ്ഞിട്ട് വൈകിട്ടൊരു മാപ്പെഴുതിയാൽ പൊതുസമൂഹം അത് അംഗീകരിക്കുമെങ്കിൽ അംഗീകരിക്കട്ടെ. ഞാൻ അതൊന്നും സ്വീകരിച്ചിട്ടില്ല' -മന്ത്രി പറഞ്ഞു.

'മന്ത്രിയുടെ പേരില്‍ തന്നെ തീവ്രവാദിയുണ്ടെ'ന്നായിരുന്നു ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ വിവാദ പരാമര്‍ശം. 'അബ്ദുറഹ്മാന്റെ പേരില്‍ തന്നെ ഒരു തീവ്രവാദിയുണ്ട്. മത്സ്യത്തൊഴിലാളികളുടെ കാര്യങ്ങള്‍ നോക്കേണ്ട മന്ത്രിയാണദ്ദേഹം. പക്ഷേ ആ വിടുവായനായ അബ്ദുറഹ്മാന്‍ അഹമ്മദ് ദേവര്‍കോവിലിന് വേണ്ടിയാണ് സംസാരിക്കുന്നത്. രാജ്യദ്രോഹം ചെയ്തത് ആരാണെന്ന് വിഴിഞ്ഞത്ത് നടന്ന സമരത്തില്‍ നിന്ന് മനസിലാകും. അബ്ദുറഹ്മാന്റെ ഗുണ്ടകളെ അഴിഞ്ഞാടാന്‍ വിട്ടതുകൊണ്ടാണ് മത്സ്യത്തൊഴിലാളികള്‍ നിഷ്‌കരുണം അടികൊള്ളേണ്ടി വന്നത് -ഫാദർ പറഞ്ഞു. വംശീയ പരാമർശത്തിനെതിരെ കടുത്ത വിമർശനമുയർന്നിരുന്നു.    

പിന്നീട്, തീവ്രവാദി പരാമർശം പെട്ടെന്നുണ്ടായ വികാര വിക്ഷോഭത്തിൽ സംഭവിച്ച നാക്കുപിഴയാണെന്നും പരാമർശം പിൻവലിക്കുന്നതായും വിശദീകരിച്ച് ഫാദർ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്തെത്തിയിരുന്നു. വിഴിഞ്ഞം സമരസമിതി അംഗങ്ങളും മത്സ്യത്തൊഴിലാളികളും ദേശദ്രോഹികളും രാജ്യവിരുദ്ധരുമാണെന്ന മന്ത്രിയുടെ പ്രസ്താവന സ്വാഭാവികമായി തന്നിൽ സൃഷ്ടിച്ച വികാര വിക്ഷോഭമാണ് അദ്ദേഹത്തിനെതിരെ നടത്തിയ പരാമർശം. അബ്ദുറഹ്മാൻ എന്ന പേരിൽ തന്നെ തീവ്രവാദിയുണ്ട് എന്ന പരാമർശം നിരുപാധികം പിൻവലിക്കുന്നു -ഫാദർ ഡിക്രൂസ് പ്രസ്താവനയിൽ പറഞ്ഞു.


Tags:    
News Summary - Minister Abdur Rahman said that it is not acceptable to say anything and write an apology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.