പാലക്കാട്: കണ്ണൂരിലും മാഹിയിലും നടന്ന കൊലപാതകങ്ങളെക്കുറിച്ച് താൻ പറഞ്ഞത് മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് മന്ത്രി എ.കെ. ബാലൻ. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ‘പകരത്തിന് പകര’മെന്ന തരത്തിൽ താൻ പറഞ്ഞെന്നാണ് വാർത്ത വന്നത്. സമൂഹമാധ്യമങ്ങളിലും ഇത് വ്യാപകമായി പ്രചരിച്ചു. ഇത്തരത്തിലൊരു പ്രസ്താവന താൻ നടത്തിയിട്ടില്ല. ആക്രമണമുണ്ടാകുന്നു, അതിന് പ്രതിരോധവുമുണ്ടാകുന്നു എന്നാണ് താൻ പറഞ്ഞത്. പ്രയോഗത്തിൽ ആരെയും പരാമർശിച്ചിട്ടില്ല. അക്രമം സർക്കാർ വെച്ചുപൊറുപ്പിക്കില്ലെന്നും കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
വിവാദങ്ങൾക്ക് പിന്നാലെ പോകാനും മറുപടി പറയാനും സർക്കാറില്ല. പ്രകടന പത്രികയിൽ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാനാണ് ശ്രമിക്കുന്നത്. ഒറ്റപ്പെട്ട സംഭവങ്ങൾ എല്ലാ കാലത്തുമുണ്ടാകാറുണ്ട്. ഇത്തരം സംഭവങ്ങളിൽ കർശന നടപടിയാണ് ഇൗ സർക്കാർ സ്വീകരിക്കുന്നത്. സർക്കാർ വാർഷികാഘോഷം യു.ഡി.എഫ് ബഹിഷ്കരിക്കുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ല. നേതാക്കൾ ബഹിഷ്കരിച്ചാലും ജനപങ്കാളിത്തം വേണ്ടുവോളമുണ്ടാകുമെന്നും പല കാര്യങ്ങളിലും കേരളം രാജ്യത്തിന് മാതൃകയാകുകയാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.