തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്റണി രാജു പ്രതിയായ തെളിവ് നശിപ്പിക്കൽ കേസിൽ വ്യാഴാഴ്ച വിചാരണ ആരംഭിക്കും. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മൂന്നു സാക്ഷികളെ അന്ന് വിസ്തരിക്കും. ആകെ 29 സാക്ഷികളാണുള്ളത്. സി.ആർ.പി.സി 308 അനുസരിച്ച കേസില്‍ ദിവസേന വിചാരണ നടക്കും. അതേസമയം, കേസ് നടപടികൾ ആരംഭിക്കുന്നതിനെതിരെ ആന്‍റണി രാജു ഹൈകോടതിയെ സമീപിച്ചതിനാൽ വിചാരണ ആരംഭിക്കുന്ന കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുന്നുണ്ട്.
വിദേശപൗരൻ ആൻഡ്രൂ സാൽവദോർ സാർവലി പ്രതിയായ ലഹരിമരുന്ന് കേസിലെ തൊണ്ടിയായ ഉൾവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. ഉൾവസ്ത്രത്തിൽ കൃത്രിമം കാട്ടിയെന്ന് ഫോറൻസിക് പരിശോധനയിൽ സ്ഥിരീകരിച്ചതോടെയാണ് ആൻഡ്രൂ സാൽവദോർ സാർവലിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനും കോടതിയിലെ ക്ലാർക്ക് ജോസിനുമെതിരെ കേസെടുത്തത്.
2014ൽ ആണ് ആന്റണി രാജുവിനെതിരായ കേസ് മജിസ്ട്രേറ്റ് കോടതിയിലെത്തിയത്. എന്നാൽ, വിചാരണ അനന്തമായി നീണ്ടു. സി.ആർ.പി.സി 273 അനുസരിച്ച് പ്രതിയായ ആന്റണി രാജുവിന്റെ സാന്നിധ്യത്തിലാകണം വിചാരണ. 205, 317 വകുപ്പുകൾ അനുസരിച്ച് മതിയായ കാരണം പ്രതിക്ക് ബോധ്യപ്പെടുത്താനായാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് കോടതിക്ക് ഇളവ് നൽകാം. സ്ഥിരമായി ഇളവ് നൽകുന്നത് കോടതിയുടെ വിവേചനാധികാരമാണ്. കേസിന്റെ വിചാരണ നീണ്ടതിന് ഹൈകോടതി ദിവസങ്ങൾക്ക് മുമ്പ് മജിസ്ട്രേറ്റ് കോടതിയോട് വിശദീകരണം തേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.