തിരുവനന്തപുരം: മലയാളം അക്ഷരമാല ഉൾപ്പെടുത്തിയുള്ള സ്കൂൾ പാഠപുസ്തകത്തിന്റെ പകർപ്പ് സംവിധായകൻ അടൂർ ഗോപാലകൃഷ്ണന് തിരുവനന്തപുരം ആക്കുളത്തെ വസതിയിലെത്തി മന്ത്രി വി. ശിവൻകുട്ടി കൈമാറി. ഒന്ന്, രണ്ട് ക്ലാസുകളിലെ കേരള പാഠാവലിയുടെ രണ്ടാം വാല്യം പുസ്തകത്തിലാണ് അക്ഷരമാല ഉൾപ്പെടുത്തിയത്. പുസ്തകങ്ങൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തുതുടങ്ങിയിട്ടുണ്ട്. മലയാളം പാഠപുസ്തകത്തിൽ അക്ഷരമാല ഉൾപ്പെടുത്തണമെന്ന ആവശ്യം അടൂർ ഗോപാലകൃഷ്ണൻ, ഡോ. എം.എൻ. കാരശ്ശേരി തുടങ്ങിയവരടക്കം ഉന്നയിച്ചിരുന്നു.
ഇക്കൊല്ലം തന്നെ മലയാളം അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി. ശിവൻകുട്ടി ഉറപ്പുനൽകുകയും ചെയ്തിരുന്നു. ഇതുപ്രകാരം പാഠപുസ്തകത്തിൽ ഉൾപ്പെടുത്താനുള്ള അക്ഷരമാല പേജ് എസ്.സി.ഇ.ആർ.ടി തയാറാക്കി അച്ചടി ചുമതലയുള്ള കെ.ബി.പി.എസിന് കൈമാറുകയും ചെയ്തിരുന്നു. അക്ഷരമാല ഉൾപ്പെടുത്തിയ പാഠപുസ്തകം അച്ചടിച്ച് തുടങ്ങിയത് പേജ് സഹിതം ജൂലൈ 25ന് 'മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
അക്ഷരമാല മലയാളം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന വാക്ക് മന്ത്രി പാലിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. വാക്ക് പാലിക്കാനായതിൽ സന്തോഷമുണ്ടെന്ന് മന്ത്രിയും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.