തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ കാരുണ്യ ഫാര്‍മസികളിലും പരിശോധന നടത്തി 10 ദിവസത്തിനകം അവശ്യമരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് കെ.എം.എസ്.സി.എല്‍ മാനേജിങ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്കി.
ആശുപത്രികള്‍ക്ക് കീഴിലുള്ള ഫാര്‍മസികളിലും കൃത്യമായ ഇടവേളകളില്‍ പര്‍ച്ചേസ് കമ്മിറ്റികള്‍ ചേർന്ന് സൂപ്രണ്ടുമാര്‍ അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ കാരുണ്യ ഫാര്‍മസിയില്‍ മന്ത്രി നേരിട്ട് നടത്തിയ പരിശോധനയില്‍ മരുന്നുകള്‍ ലഭ്യമല്ലെന്ന് കണ്ടെത്തിയിരുന്നു. ലഭ്യമല്ലാത്ത മരുന്നുകളുടെ വിവരങ്ങള്‍ കെ.എം.എസ്.സി.എല്ലിന് നല്‍കിയിരുന്നില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് ഡിപ്പോ മാനേജരെ സസ്പെന്‍ഡ് ചെയ്തു. എല്ലാ കാരുണ്യ ഫാര്‍മസികളിലെയും ഡിപ്പോ മാനേജര്‍മാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ഇന്‍ഡന്റ് കെ.എം.എസ്.സി.എല്ലിനെ അടിയന്തരമായി അറിയിക്കണം.
ഡോക്ടര്‍മാരും വകുപ്പുമേധാവികളും ആശുപത്രി സൂപ്രണ്ടുമാരും യോഗം ചേര്‍ന്ന് മരുന്നുകളുെടയും ശസ്ത്രക്രിയക്ക് ആവശ്യമായ ഇംപ്ലാന്റുകളുെടയും അനുബന്ധ സാമഗ്രികളുെടയും പട്ടിക തയാറാക്കണം. ഇത് ആശുപത്രി മേധാവികള്‍ ഉറപ്പ് വരുത്തണം.
ഡോക്ടര്‍മാർ തങ്ങള്‍ നല്കുന്ന പട്ടികയനുസരിച്ചുള്ള ജനറിക് മരുന്നുകള്‍ എഴുതണം. പുതിയ മരുന്നുകള്‍ ഡോക്ടര്‍മാര്‍ എഴുതുന്നതനുസരിച്ച് ഉടന്‍ കുറിപ്പുള്‍പ്പെടെ ഇന്‍ഡന്റ് നല്‍കാനും അടുത്ത പര്‍ച്ചേസില്‍ ഉള്‍പ്പെടുത്താനും ഡിപ്പോ മാനേജര്‍മാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി നിര്‍ദേശം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.