കോഴിക്കോട്: നവീകരണ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ വടകര റെസ്റ്റ് ഹൗസിലെത്തിയ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കണ്ടത് വൃത്തിഹീനമായ പരിസരം. ശനിയാഴ്ച രാവിലെയാണ് മന്ത്രി ഇവിടെ പരിശോധനക്കെത്തിയത്.
റെസ്റ്റ് ഹൗസ് പരിസരം വൃത്തിഹീനമാണെന്ന് മാത്രമല്ല, മദ്യക്കുപ്പികളും കാണാനിടയായി. റെസ്റ്റ് ഹൗസിൽ മദ്യപാനം പടില്ലെന്ന് അറിയല്ലേയെന്ന് ജീവനക്കാരോട് മന്ത്രി ചോദിക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കാന്‍ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറോട് മന്ത്രി ആവശ്യപ്പെട്ടു.
ഒക്ടോബറിൽ തിരുവനന്തപുരത്തെ പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിൽ മന്ത്രി ഇത്തരത്തിൽ മിന്നല്‍ പരിശോധന നടത്തിയിരുന്നു. റെസ്റ്റ് ഹൗസിൽ ശുചിത്വമില്ലെന്ന് പറഞ്ഞ് മന്ത്രി ക്ഷുഭിതനായി. വീഴ്ച വരുത്തിയ റെസ്റ്റ് ഹൗസ് മാനേജറെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
കേരളത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റെസ്റ്റ് ഹൗസുകൾ പീപ്പിൾസ് റെസ്റ്റ് ഹൗസുകളാക്കി മാറ്റി കൂടുതൽ ജനകീയമാക്കുകയാണ്. ഇതിന്‍റെ ഭാഗമായി ഓൺലൈൻ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്.
ഓൺലൈനിലൂടെ ബുക്കിങ് ആരംഭിച്ചതോടെ വരുമാനത്തിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. നവംബർ ഒന്നിനാണ് ഓൺലൈൻ ബുക്കിങ് സംവിധാനം ആരംഭിച്ചത്. പൊതുജനങ്ങള്‍ക്ക് https://resthouse.pwd.kerala.gov.in/ ലിങ്കില്‍ ക്ലിക്ക് ചെയ്ത് റൂം ബുക്ക് ചെയ്യാവുന്നതാണ്.
സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്‍റെ കീഴിൽ 153 റെസ്റ്റ് ഹൗസുകളാണുള്ളത്. സ്യൂട്ട് റൂം അടക്കമുള്ളവ കുറഞ്ഞ ചെലവിൽ താമസിക്കാം എന്നതാണ് ഇവയുടെ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.