തിരുവനന്തപുരം: നിർദേശിച്ച എണ്ണത്തെക്കാൾ കൂടുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥർ വിവരമറിയുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. ഡ്രൈവിങ് സ്കൂൾ സംഘടന പ്രതിനിധികളുമായി നടന്ന ചർച്ചക്ക് ശേഷം വിളിച്ച വാർത്തസമ്മേളനത്തിലായിരുന്നു പ്രതികരണം. ഡ്രൈവിങ്ങിൽ നല്ല പരിജ്ഞാനമുള്ളവരേ പാസാകാൻ പാടുള്ളൂ. ഇക്കാര്യത്തിൽ ഡ്രൈവിങ് സ്കൂൾ ഉടമകളും പിന്തുണ അറിയിച്ചു. ലൈസൻസ് എടുത്ത ശേഷം വീണ്ടും ഡ്രൈവിങ് സ്കൂളിൽ ചേർന്ന് പരിശീലിക്കേണ്ട സാഹചര്യമുണ്ടാകരുത്. സ്ത്രീകളായ പഠിതാക്കളിൽനിന്ന് കൂടുതൽ പണം വാങ്ങുന്നെന്ന ആരോപണമുണ്ട്. നിരക്ക് ഏകീകരിക്കുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.
തിരുവനന്തപുരം മേയറുമായി റോഡിൽ തർക്കമുണ്ടായ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദുവിന്റെ കാര്യത്തിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് പ്രകാരം നടപടിയെടുക്കും. ഗതാഗത വകുപ്പിന് ഇക്കാര്യത്തിൽ ഒരു മുൻവിധിയുമില്ല. ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നറിയാനുള്ള ബ്രീത്ത് അനലൈസർ പരിശോധന തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റുമായി ബന്ധപ്പെട്ട ഒത്തുതീർപ്പ് നിർദേശങ്ങളിൽ മറ്റു സംഘടനകൾ തൃപ്തിയറിയിച്ച് സമരം പിൻവലിച്ചെങ്കിലും വിയോജിപ്പുമായി സി.ഐ.ടി.യു രംഗത്ത്. ഇൻസ്ട്രക്ടർമാർതന്നെ പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കണമെന്ന ഉപാധിയാണ് സി.ഐ.ടി.യുവിന്റെ വിയോജിപ്പിന് കാരണം. അംഗീകൃത യോഗ്യതയുള്ള ഇൻസ്ട്രക്ടറുടെ സർട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ഡ്രൈവിങ് സ്കൂളുകൾ ലൈസൻസ് പുതുക്കുന്നത്. എന്നാൽ, ഈ ഇൻസ്ട്രക്ടറുടെ സേവനം എപ്പോഴും ഡ്രൈവിങ് സ്കൂളിൽ ലഭ്യമാകണമെന്നില്ല. മറ്റ് ജീവനക്കാരാണ് ഡ്രൈവിങ് പഠിപ്പിക്കുക. ഇവരാണ് പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കുന്നതും. എന്നാൽ, ഇൻസ്ട്രക്ടർതന്നെ എത്തിക്കണമെന്ന വ്യവസ്ഥ പല സ്കൂളുകളെയും പ്രതികൂലമായി ബാധിക്കും. എല്ലാ ദിവസവും ഇത്തരം ഇൻസ്ട്രക്ടർമാർ രാവിലെ ടെസ്റ്റ് ഗ്രൗണ്ടിൽ എത്തിക്കുക പ്രയോഗികമല്ല. രാവിലെ ആറിനും ഏഴിനും പഠിതാക്കൾ ഗ്രൗണ്ടിൽ എത്തണമെന്നതിനാൽ വിശേഷിച്ചും. അങ്ങനെ വേണമെങ്കിൽ ഉയർന്ന ശമ്പളം നൽകേണ്ടി വരും. ഇതു പല സ്കൂളുകൾക്കും വലിയ ബാധ്യത സൃഷ്ടിക്കും.
മോട്ടോർ വാഹനവകുപ്പ് ഏർപ്പെടുത്തുന്ന വാഹനങ്ങളിൽ ടെസ്റ്റ് നടത്തണമെന്നതിലാണ് സി.ഐ.ടി.യുവിന്റെ മറ്റൊരു വിയോജിപ്പ്. പരിശീലിക്കുന്ന വാഹനത്തിനു പകരം മറ്റൊരു വാഹനത്തിൽ ടെസ്റ്റ് നടത്തുന്നതോടെ കൂടുതൽ പേരും പരാജയപ്പെടുമെന്നതാണ് കാരണം. നേരത്തേതന്നെ സി.ഐ.ടി.യു പണിമുടക്കിൽനിന്ന് തൽക്കാലത്തേക്ക് പിൻമാറിയിരുന്നു.
23ന് ഗതാഗത മന്ത്രിയും സി.ഐ.ടി.യു നേതാവ് എളമരം കരീമുമായി ചർച്ച നടക്കുന്നുണ്ട്. ചർച്ചയിൽ വിഷയം ഉന്നയിക്കുമെന്നും ശേഷം നിലപാട് സ്വീകരിക്കുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.
കെ.എസ്.ആർ.ടി.സി 10 ഡ്രൈവിങ് സ്കൂളുകൾ സ്ഥാപിക്കുമെന്ന് മന്ത്രി ഗണേഷ് കുമാർ. ഇതിനുള്ള ഫണ്ട് ഉടൻ അനുവദിക്കും. കെ.എസ്.ആർ.ടി.സിയുടെ വിഭവശേഷിയാണ് ഇതിനായി ഉപയോഗിക്കുക. എസ്.സി, എസ്.ടി വിഭാഗങ്ങളിൽ ഇളവ് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.