തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഏജന്‍സികള്‍ മുഖേന വിലക്കുറവില്‍ ഭാരത് അരി വിതരണം ചെയ്യാനുള്ള നീക്കം ലോക്സഭ തെരഞ്ഞെടുപ്പ് ലാക്കാക്കിയുള്ളതും ഫെഡറല്‍ തത്ത്വങ്ങൾക്കുനേരെയുള്ള കടന്നാക്രമണവുമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്. അനില്‍. കേരളത്തിലെ 57 ശതമാനം ജനങ്ങളെ റേഷന്‍ സംവിധാനത്തിന് പുറത്താക്കുകയും ഭക്ഷ്യധാന്യ വിഹിതം വെട്ടിക്കുറക്കുകയും ചെയ്തത് കേന്ദ്ര സർക്കാറാണ്. പരിമിതമായ ടൈഡ് ഓവർ വിഹിതം പ്രയോജനപ്പെടുത്തിയാണ് മുന്‍ഗണന വിഭാഗക്കാരായ നീല, വെള്ള കാർഡുകാർക്ക് സംസ്ഥാന സർക്കാർ റേഷന്‍ ഉറപ്പാക്കുന്നത്.
എഫ്.സി.ഐയില്‍ അധികമുള്ള ഭക്ഷ്യധാന്യ സ്റ്റോക്ക്, ഓപൺ മാർക്കറ്റ് സെയില്‍സ് സ്കീം പ്രകാരം ന്യായവിലക്ക് വില്‍ക്കുന്ന സംവിധാനത്തില്‍ സ്വകാര്യ വ്യാപാരികള്‍ക്കുപോലും ലേലത്തില്‍ പങ്കെടുക്കാമെന്നിരിക്കെ, സംസ്ഥാന സർക്കാറിനെയും സർക്കാറിന്റെ ഏജന്‍സികളെയും ബോധപൂർവം കേന്ദ്രം വിലക്കി. ഈ കേന്ദ്രനയങ്ങള്‍ ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകാനിടയുണ്ട്.
ശക്തമായ പൊതുവിതരണ സംവിധാനമുള്ള കേരളത്തില്‍ റേഷൻ കാർഡ് പോലും ബാധകമാക്കാതെ അരി വിതരണം ചെയ്യാന്‍ കേന്ദ്ര ഏജന്‍സികള്‍ വണ്ടിയുമായി വരുന്നത് എന്തിനാണ്? സപ്ലൈകോ വഴി 25 രൂപ നിരക്കില്‍ നല്‍കാനുള്ള സാധ്യതയില്ലാതാക്കി അതുതന്നെ 29 രൂപക്ക് വില്‍ക്കുന്ന നടപടി കബളിപ്പിക്കലാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.