ഡൽഹി: മന്ത്രി ജെ. ചിഞ്ചുറാണി കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി രാജീവ് രഞ്ജൻ സിങുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ ചെലവ് കുറഞ്ഞ കുട്ടനാടൻ പരമ്പരാഗത താറാവ് വളർത്തൽ സമ്പ്രദായം നില നിർത്തുന്നതിനു പക്ഷി പനിക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നടത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് കേന്ദ്രമന്ത്രി അറിയിച്ചുവെന്ന് ജെ. ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പരമ്പരാഗത കർഷകരുടെ സാമ്പത്തിക ക്ഷേമത്തെ വിപരീതമായ രീതിയിൽ ബാധിക്കുമെന്നതിനാൽ കുട്ടനാട്ടിലെയും സമീപ പ്രദേശങ്ങളിലെയും രോഗസാധ്യതയുള്ള പ്രദേശങ്ങളിലെ താറാവ്/ കോഴി കർഷകർക്ക് ഒരു ഉപജീവന പാക്കേജ് അനുവദിക്കണമെന്നും കേന്ദ്രത്തെ അറിയിച്ചു.
വിവിധ കാലയളവുകളിൽ പക്ഷിപ്പനി, ആഫ്രിക്കൻ പന്നിപ്പനി എന്നീ അസുഖങ്ങൾ കാരണം കർഷകർക്കുണ്ടായിട്ടുള്ള നഷ്ടം പരിഹരിക്കുന്നതിനായി കേന്ദ്ര വിഹിതം ലഭിക്കുന്നത് വരെ കാത്തു നിൽക്കാതെ സംസ്ഥാന സർക്കാർ മുൻകൂറായി തുക നൽകുകയാണ് ചെയ്തിട്ടുള്ളത്. ഈ ഇനത്തിൽ കേന്ദ്രസർക്കാരിൽ നിന്നും ലഭിക്കുവാനുള്ള കുടിശ്ശിക തുകയായ 620.09ലക്ഷം രൂപ ഉടൻ അനുവദിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. നിലവിലെ പക്ഷിപ്പനി നിയന്ത്രണ പ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ കൊന്നൊടുക്കുമ്പോൾ കർഷകർക്ക് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടത്തിന് പരിഹാരമായി ഉടനടി കേന്ദ്ര വിഹിതം അനുവദിക്കുക എന്നാവശ്യവും കേന്ദ്രത്തെ അറിയിച്ചു.
നിരന്തരമായി കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തു വരുന്ന സാഹചര്യത്തിൽ വൈറസിന്റെ സാന്നിധ്യം അടിയന്തിരമായി പരിശോധിച്ചു സ്ഥിരീകരിച്ച് നിയന്ത്രണ പ്രതിരോധ നടപടികൾ ഊർജിതമായി കൈക്കൊള്ളുന്നതിന് പ്രാദേശിക പക്ഷിപ്പനി നിരീക്ഷണ ലാബ് സ്ഥാപിക്കണെന്ന് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കേന്ദ്ര വിദഗ്ധസമിതിയുടെ പരിശോധനക്ക് വിധേയമായി അനുമതി നൽകുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.
കുട്ടനാടൻ തനത് താറാവ് ഇനങ്ങളായ ചാര, ചെമ്പല്ലി എന്നിവയെ കുട്ടനാടൻ താറാവ് എന്ന ഒരു പുതിയ ജനുസായി അംഗീകരിക്കുന്നതിന് കേരള വെറ്റിനറി യൂനിവേഴ്സിറ്റി പഠനം നടത്തി കേന്ദ്ര സർക്കാരിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷ വേഗത്തിൽ പരിഗണിക്കുവാൻ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് കേന്ദ്രസംഘം അറിയിച്ചു.
കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് സഹമന്ത്രി ജോർജ്ജ് കുര്യൻ, കേന്ദ്ര മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് സെക്രട്ടറി അൽക്ക ഉപാദ്ധ്യായ, ജോയിൻ സെക്രട്ടറി സരിത ചൗഹാൻ, മൃഗസംരക്ഷണ കമീഷണർ ഡോ.അഭിജിത് മിത്ര എന്നിവരുമായി ജെ. ചിഞ്ചുറാണി കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.