സദാ വിസർജ്യത്തെപ്പറ്റി ചിന്തിക്കുന്നവർ അധിക്ഷേപിക്കാനും അതുപയോഗിക്കുന്നു -മന്ത്രി കെ. രാജൻ

തിരുവനന്തപുരം: നടൻ പൃഥ്വിരാജിന്​ എതിരെ സംഘ്​പരിവാർ നടത്തുന്ന സൈബർ ആക്രമണത്തെ രൂക്ഷമായി വിമർശിച്ച്​ റവന്യൂമന്ത്രി കെ. രാജൻ. പൃഥ്വിരാജിനെതിര വർഗീയ ശക്തികൾ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളേയും കുപ്രചരണങ്ങളേയും ശക്തിയായി അപലപിച്ച മന്ത്രി, നടന്‍റെ നിലപാടിനൊപ്പം കേരളത്തിലെ പ്രബുദ്ധ ജനത നിലകൊള്ളുക തന്നെ ചെയ്യുമെന്നും കൂട്ടിച്ചേർത്തു.

''ലക്ഷദ്വീപ്​ വിഷയത്തിൽ ജനാധിപത്യപരമായി അഭിപ്രായപ്രകടനം നടത്തിയ നടനെതിരെ, രാജ്യം ഭരിക്കുന്ന കക്ഷിയുടെ ടെലിവിഷൻ ചാനൽ മുതൽ മുഖമുള്ളതും ഇല്ലാത്തതുമായ സമൂഹമാധ്യമ അക്കൗണ്ടുകൾ വരെ ഹീനമായ വ്യക്തിഹത്യ നടത്തുകയാണ്. അവരുടെ ചാനൽ സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് പൃഥ്വിരാജിന്‍റെ പിതാവിനെ വരെ അധിക്ഷേപിച്ചു. ഷെയേഡ് സൈക്കോസിസിൻ്റെ ഭാഗമായെന്നപോലെ വിസർജ്യ വസ്തുക്കളെപ്പറ്റി സദാ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഇക്കൂട്ടർ വ്യക്തികളെ അധിക്ഷേപിക്കാൻ അത്തരം പ്രയോഗങ്ങൾ നടത്തുന്നതിൽ ആശ്ചര്യത്തിനു വകയില്ല.

ലക്ഷദ്വീപിലെ പട്ടികവർഗ വിഭാഗക്കാരായ തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. പൃഥിരാജിനെ സൈബറിടങ്ങളിൽ ആക്രമിച്ച് ചർച്ചയുടെ ഫോക്കസ് മാറ്റാം എന്ന് സംഘ് ആരാധകർ കരുതുന്നു എങ്കിൽ അത് വ്യർത്ഥമാണ് എന്നോർമ്മിപ്പിക്കുന്നു. ലക്ഷദ്വീപിലെ ഓരോ സ്പന്ദനവും കേരളവും ലോകവും കാണുന്നുണ്ട്. ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. ദ്വീപിലെ ജനങ്ങളോടും അവർക്കായി ശബ്ദിക്കുന്ന പൃഥ്വിരാജ് അടക്കമുള്ള മുഴുവൻ പേരോടും ഉള്ള ഐക്യദാർഢ്യം ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു. കേരളം ദ്വീപിനായി നിലകൊള്ളുക തന്നെ ചെയ്യും'' -മന്ത്രി ഫേസ്​ബുക്​ പോസ്റ്റിൽ വ്യക്​തമാക്കി.


ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണരൂപം:

നമ്മുടേത് ഒരു ജനാധിപത്യ സമൂഹമാണ്. ലോകത്തെ ഏതു വിഷയത്തിലും, മറ്റൊരാളുടെ അവകാശങ്ങളെ ഹനിക്കാത്ത രീതിയിൽ യോജിപ്പോ വിയോജിപ്പോ പ്രകടിപ്പിക്കാനും തൻ്റേതായ നിർദ്ദേശങ്ങൾ വക്കാനും ഇവിടെ ഏവർക്കും അവകാശമുണ്ട്. ആ അവകാശം പൃഥ്വിരാജിനുമുണ്ട്. അത് വിനിയോഗിച്ചതിൻ്റെ പേരിൽ അദ്ദേഹം ഏതുതരത്തിലുള്ള അധിക്ഷേപങ്ങൾക്കാണ് ഇരയാകുന്നത് എന്നു നോക്കുക. തികച്ചും സംഘടിതമായി നടക്കുന്ന ഈ സൈബർ ആക്രമണത്തിൽ രാജ്യം ഭരിക്കുന്ന കക്ഷിയുടെ ടെലിവിഷൻ ചാനൽ മുതൽ സമൂഹമാധ്യമങ്ങളിൽ അവർ നിയന്ത്രിക്കുന്ന മുഖമുള്ളതുമില്ലാത്തതുമായ അകൗണ്ടുകൾ വരെ ഹീനമായ വ്യക്തിഹത്യ നടത്തുകയാണ്.

അവരുടെ ചാനലിൻ്റെ പോർട്ടൽ സാമാന്യ മര്യാദയുടെ എല്ലാ സീമകളും ലംഘിച്ച് പൃഥ്വിരാജിൻ്റെ പിതാവിനെ വരെ അധിക്ഷേപിക്കുകയുണ്ടായി.പിന്നീട് ലേഖനം അപ്രത്യക്ഷമായെങ്കിലും യാതൊരു തരത്തിലുള്ള ഖേദപ്രകടനത്തിനും ആ സ്ഥാപനമോ ലേഖകനോ തയ്യാറായതായി അറിവില്ല, അതോടൊപ്പം വെട്ടുകിളികൾ ആക്രമണം തുടരുകയും ചെയ്യുന്നു.

ഇങ്ങനെ അധിക്ഷേപിക്കപ്പെടാൻ പൃഥ്വിരാജ് ചെയ്ത അപരാധമായി സംഘപരിവാർ കാണുന്നത് അദ്ദേഹം ലക്ഷ്വദ്വീപ് വിഷയത്തിൽ സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തിയ ഒരു കുറിപ്പാണ്. ദ്വീപിലെ സാധാരണ ജനങ്ങളുമായിപ്പോലും സുഹൃദ് ബന്ധങ്ങളുള്ള അദ്ദേഹം അവരിൽ നിന്നു ലഭിച്ച വിവരങ്ങളുടേയും ഉത്തമ ബോധ്യത്തിൻ്റേയും അടിസ്ഥാനത്തിൽ, ലക്ഷദ്വീപ് അഡ്മിനിഷ്ട്രേഷൻ്റെ പുതിയ നയങ്ങളിൽ നാട്ടുകാർ അസംതൃപ്തരാണ് എന്ന വിവരം പൊതുജന ശ്രദ്ധയിൽ കൊണ്ടുവന്നു. ഇതിൻ്റെ പേരിൽ അദ്ദേഹത്തിൻ്റെ പിതാവിനെപ്പോലും ജുഗുപ്സാവഹമായ രീതിയിൽ അധിക്ഷേപിക്കുകയാണ് സംഘപരിവാർ അനുകൂലികളായ ഒരു വിഭാഗം ചെയ്യുന്നത്. ഷെയേഡ് സൈക്കോസിസിൻ്റെ ഭാഗമായെന്നപോലെ വിസർജ്യ വസ്തുക്കളെപ്പറ്റി സദാ ചിന്തിച്ചു കൊണ്ടിരിക്കുന്ന ഇക്കൂട്ടർ വ്യക്തികളെ അധിക്ഷേപിക്കാൻ അത്തരം പ്രയോഗങ്ങൾ നടത്തുന്നതിൽ ആശ്ചര്യത്തിനു വകയില്ലല്ലോ.

പൃഥ്വിരാജിനെതിരായി വർഗീയ ശക്തികൾ നടത്തുന്ന അധിക്ഷേപ പ്രയോഗങ്ങളേയും കുപ്രചരണങ്ങളേയും ശക്തിയായി അപലപിക്കുന്നു. അദ്ദേഹത്തിൻ്റെ നിലപാടിനൊപ്പം ഈ മതേതര കേരളത്തിലെ പ്രബുദ്ധ ജനത നിലകൊള്ളുക തന്നെ ചെയ്യും.

ലക്ഷദ്വീപിലെ പട്ടികവർഗ വിഭാഗക്കാരായ തദ്ദേശീയ ജനതയുടെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനുള്ള പോരാട്ടം കേരളത്തിൽ ശക്തി പ്രാപിക്കുകയാണ്. പൃഥിരാജിനെ സൈബറിടങ്ങളിൽ ആക്രമിച്ച് ചർച്ചയുടെ ഫോക്കസ് മാറ്റാം എന്ന് സംഘ് ആരാധകർ കരുതുന്നു എങ്കിൽ അത് വ്യർത്ഥമാണ് എന്നോർമ്മിപ്പിക്കുന്നു. ലക്ഷദ്വീപിലെ ഓരോ സ്പന്ദനവും കേരളവും ലോകവും കാണുന്നുണ്ട്. ദ്വീപ് നിവാസികളുടെ ഭരണഘടനാപരമായ അവകാശങ്ങൾ സംരക്ഷിക്കാൻ കേരളം പ്രതിജ്ഞാബദ്ധമാണ്. ദ്വീപിലെ ജനങ്ങളോടും അവർക്കായി ശബ്ദിക്കുന്ന പൃഥ്വിരാജ് അടക്കമുള്ള മുഴുവൻ പേരോടും ഉള്ള ഐക്യദാർഢ്യം ഒരിക്കൽ കൂടി രേഖപ്പെടുത്തുന്നു.കേരളം ദ്വീപിനായി നിലകൊള്ളുക തന്നെ ചെയ്യും.

Tags:    
News Summary - minister k rajan extend solidarity to Prithviraj against sangh parivar cyber attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.