ആന ചരിഞ്ഞ സംഭവം; കുറ്റവാളികളെ കണ്ടെത്തി കർശന നടപടിയെടുക്കുമെന്ന് മന്ത്രി രാജു

കോഴിക്കോട്: സ്ഫോടക വസ്തു കടിച്ച് വായ് തകർന്ന് ഗർഭിണിയായ കാട്ടാന മരിച്ച സംഭവത്തിൽ കുറ്റക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കുമെന്ന് വനംമന്ത്രി കെ. രാജു. തികച്ചും ദാരുണമായ സംഭവമാണുണ്ടായതെന്നും ആനയെ വേദനയിൽ നീറി മരിക്കാൻ വിട്ടവർ മാപ്പർഹിക്കുന്നില്ലെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. 

മന്ത്രി കെ. രാജുവിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

പിടിയാന പടക്കം കടിച്ചു ചരിയാനിടയായത് തികച്ചും ദാരുണമായ സംഭവം. ഒരു ജീവിയേയും ഇത്തരത്തിൽ പീഡിപ്പിക്കരുത്.
സൈലന്റ് വാലി നാഷണല്‍ പാര്‍ക്കിന്റെ പ്രദേശങ്ങളിലുള്ള ഏകദേശം 20 വയസ്സു വരുന്ന ഗർഭിണിയായ പിടിയാന.
അത് മണ്ണാര്‍ക്കാട് ഡിവിഷനിലെ തിരുവിഴാംകുന്ന് ഭാഗത്ത് എത്തിയപ്പോള്‍ പടക്കം കടിച്ച് വായ് തകര്‍ന്ന നിലയിലായി. പന്നിയെ കൊല്ലാൻ പടക്കം വച്ചതാണെന്ന് പറയുന്നു. കൈതചക്കക്കുള്ളിൽ പടക്കം വച്ചതാണെന്നു അനുമാനിക്കുന്നു.
പന്നിയെ ആയാലും അങ്ങനെ കൊല്ലാൻ നിയമമില്ല.
ആന ഒരാഴ്ചയോളം കാടിനുളളില്‍ തന്നെ നിലകൊണ്ടെങ്കിലും ഭക്ഷണവും വെള്ളവും കഴിക്കാന്‍ ആവാതെ അത് പുറത്തേക്ക് വന്നു. മണ്ണാര്‍ക്കാട് ഭാഗത്തെ ഒരു പുഴയിലെത്തി.
അതിന്റെ ദയനീയ സ്ഥിതി മനസ്സിലാക്കി വനം വകുപ്പ് ഡോക്ടര്‍മാരും മറ്റും പരിശോധിച്ചതില്‍ അതിന് 10 ശതമാനം മാത്രമേ അതിജീവന സാധ്യത ഉള്ളൂ എന്ന് മനസ്സിലാക്കി. എങ്കിലും രണ്ട് കുങ്കിയാന സ്‌ക്വാഡ് ഉപയോഗിച്ച് അതിനെ ചികിത്സക്കായി പിടിക്കാൻ ശ്രമിച്ചു. ഈച്ചയും മറ്റ് കീടങ്ങളും മുറിവ് കൂടുതല്‍ വേദനിപ്പിക്കുന്നതു കൊണ്ടാവാം അത് പുഴയിലിറങ്ങി നിന്നു.
രണ്ടാംദിനം അത് ചരിഞ്ഞു. പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. അന്തിമ റിപ്പോര്‍ട്ട് കിട്ടിയില്ല.
ആന ഗര്‍ഭിണിയായിരുന്നു എന്നും പടക്കം കടിച്ചാണ് വായ തകര്‍ന്നത് എന്നും പ്രാഥമിക നിഗമനം. തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷനില്‍ ഒ.ആര്‍.10/2020 ആയി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കും മണ്ണാര്‍ക്കാട് ഡിവിഷനും ആന പടക്കം കടിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. ആനയോടായാലും പന്നിയോടായാലും ഇത് മനുഷ്യത്വം ഇല്ലാത്ത ക്രൂരതയാണ്. ആ ജീവിയെ വെള്ളം പോലും കുടിക്കാൻ അനുവദിക്കാതെ വേദനയിൽ നീറി മരിക്കാൻ വിട്ടവർ മാപ്പർഹിക്കുന്നില്ല. കുറ്റവാളികളെ കണ്ടെത്തി കർശന നിയമ നടപടി സ്വീകരിക്കും.
 

 

Full View
Tags:    
News Summary - minister k raju facebook post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.