ലതികയുടെ ‘കാഫിർ പോസ്റ്റ്’ വർഗീയതക്കെതിരെന്ന് മന്ത്രി രാജേഷ്: ‘താമ്രപത്രം കൊടുക്കണോ കുറ്റപത്രം കൊടുക്കണോയെന്ന് പറയുന്നില്ല’

തിരുവനന്തപുരം: വടകരയിൽ വിവാദമായ കാഫിർ പോസ്റ്റർ ഫേസ്ബുക്കിൽ പങ്കുവെച്ച വിഷയത്തിൽ മുൻ എം.എൽ.എ കെ.കെ. ലതികയെ നിയമസഭയിൽ ന്യായീകരിച്ച് മന്ത്രി എം.ബി രാജേഷ്. വർഗീയ പ്രചരണത്തിനെതിരായിട്ടാണ് കെ.കെ. ലതിക കുറിപ്പിട്ടതെന്നും പോസ്റ്റ് പിൻവലിച്ചത് പക്വമായ നടപടിയാണെന്നും നമ്മളിൽ പലരും പോസ്റ്റുകൾ പിൻവലിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇത്തരം പ്രചരണങ്ങളെ സർക്കാർ കർശനമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ ന്യായീകരണത്തിനിടെ പരിഹാസവുമായി പ്രതിപക്ഷം രംഗത്തെത്തി. ലതികയ്ക്ക് താമ്രപത്രം കൊടുത്തൂടെ എന്നായിരുന്നു എൽദോസ് കുന്നപ്പിളിയുടെ പരിഹാസം. താമ്രപത്രം കൊടുക്കണോ കുറ്റപത്രം കൊടുക്കണോയെന്ന് പറയുന്നില്ലെന്ന് മന്ത്രി മറുപടി പറഞ്ഞു.

കെ.കെ.രമയും മാത്യു കുഴൽനാടനുമാണ് പ്രതിപക്ഷത്തുനിന്ന് കാഫിർ​ പോസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചത്. വർഗീയ പ്രചാരണങ്ങളിൽ 17 കേസ് എടുത്തിട്ടുണ്ടെന്ന് വിശദീകരിച്ച മന്ത്രി എംബി രാജേഷ് കെ.കെ. ലതികക്കെതിരെ കേസെടുക്കാത്തതിനെ ന്യായീകരിച്ചു. കെ.കെ. ലതികയുടെ എഫ്ബി പോസ്റ്റ് വർഗീയ പ്രചാരണത്തിന് എതിരെയാണെന്നും ഫേസ്ബുക്കിൽ നിന്ന് മറുപടി ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിശദീകരിച്ചു. യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കാർഡ് വിഷയം മന്ത്രി ഉന്നയിച്ചതോടെ യഥാർഥ വിഷയത്തിൽ നിന്ന് വഴിമാറുകയാണെന്നാരോപിച്ച് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി.

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണ് വടകര മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർഥി കെ.​കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ചുള്ള വാട്സാപ് സ്ക്രീൻ ഷോട്ട് വ്യാപകമായി പ്രചരിച്ചത്. മുസ്‍ലിം ലീഗ് വാട്സാപ് ഗ്രൂപ്പിൽ ലീഗ് പ്രവർത്തകൻ എഴുതിയ കുറിപ്പ് എന്ന നിലയിലായിരുന്നു സി.പി.എം നേതാക്കളും ​അനുകൂലികളും സോഷ്യൽ മീഡിയയിൽ ഇത് പ്രചരിപ്പിച്ചത്. എന്നാൽ, ഇതിനെതിരെ പ്രസ്തുത ലീഗ് പ്രവർത്തകൻ പൊലീസിലും കോടതിയിലും പരാതി നൽകുകയും വ്യാജപോസ്റ്റിന് പിന്നിൽ സി.പി.എം ആണെന്ന് ആരോപിക്കുകയും ചെയ്തിരുന്നു. ‘കാഫിർ’ പ്രയോഗത്തിന്റെ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത സിപിഎം സംസ്ഥാന സമിതി അംഗവും മുൻ എം.എൽ.എയുമായ കെ.കെ. ലതിക ഏറെ നാളുകൾക്ക് ശേഷമാണ് ഫേസ്ബുക്കിൽ നിന്ന് ഇത് പിൻവലിച്ചത്. സ്ക്രീൻഷോട്ട് പിൻവലിച്ച അവർ ഫേസ്ബുക്ക് പ്രൊഫൈൽ ലോക്ക് ചെയ്യുകയും ചെയ്‌തിരുന്നു.

മുസ്‌ലിം യൂത്ത് ലീഗ് നേതാവിന്റെ പേരിലുള്ള വ്യാജ സ്ക്രീൻഷോട്ട് പ്രചരിപ്പിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട് ലതികയെ പൊലീസ് നേരത്തേ ചോദ്യം ചെയ്തിരുന്നു. സ്ക്രീൻ ഷോട്ട് വ്യാജമാണെന്നറിഞ്ഞിട്ടും പോസ്റ്റ് നീക്കം ചെയ്യാത്ത സാഹചര്യത്തിൽ ലതികയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രതിഷേധം കടുപ്പിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചത്.

Tags:    
News Summary - Minister MB Rajesh backs KK Lathika on 'kafir post'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.