മലപ്പുറം: നിയമനം നടത്തുക എന്ന ഉത്തരവാദിത്തം ഗവർണറിൽ നിക്ഷിപ്തമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. ഗവർണർ നിയമനം നടത്തേണ്ടത് വിവേചന അധികാരം ഉപയോഗിച്ചാണെന്നും മന്ത്രി വ്യക്തമാക്കി. കണ്ണൂർ സർവകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കി സുപ്രീംകോടതിയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. അഡ്വക്കേറ്റ് ജനറലിന്‍റെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാറിന്‍റെയും കൂടിയൊരു പ്രൊപ്പോസൽ അറിയിക്കുകയാണ് ചെയ്തിട്ടുള്ളത്. നിമയനം നടത്തുക എന്ന ഉത്തരവാദിത്വം ഗവർണറിൽ നിക്ഷിപ്തമാണ്. അദ്ദേഹത്തിന്‍റെ വിവേചനാധികാരം ഉപയോഗിച്ചാണ് അദ്ദേഹമത് ചെയ്യേണ്ടത്.
അത് സംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ, വിധിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾ എല്ലാം തന്നെ മുഴുവനായി മനസ്സിലാക്കിയ ശേഷം പ്രതികരിക്കാം, അതാവും ഉചിതമാവുക എന്നാണ് കരുതുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കണ്ണൂർ സർവകലാശാല വി.സി. ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ പുനർനിയമനം റദ്ദാക്കിയ സുപ്രീംകോടതി, സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. ബാഹ്യ ശക്തികൾക്ക് വഴങ്ങിയുള്ള നിയമനം ചട്ടവിരുദ്ധമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
ചാൻസലർ എന്ന രീതിയിലാണ് വൈസ് ചാൻസലറുടെ നിയമനം ഗവർണർ നടത്തേണ്ടത്. വലിയ സമ്മർദമുണ്ടായെന്ന് ഗവർണർ തന്നെ സമ്മതിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിയും കത്തെഴുതി. കത്തിന്‍റെ അടിസ്ഥാനത്തിലാണ് പുനർനിയമനത്തിന് അനുമതി നൽകിയതെന്ന് ഗവർണർ വ്യക്തമാക്കിയിട്ടുണ്ട്. ഗവർണർ എന്ന നിയമന അതോറിറ്റി ബാഹ്യ ശക്തികൾ വഴങ്ങിയിരിക്കുന്നുവെന്നും വിധിയിൽ ചൂണ്ടിക്കാട്ടി.
ഹരജിക്കാരുടെ അപ്പീൽ അംഗീകരിച്ച സുപ്രീംകോടതി നാലു കാര്യങ്ങളാണ് പരിശോധിച്ചത്. ഇതിൽ മൂന്നു കാര്യങ്ങളെ കോടതി അനുകൂലിച്ചു. ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കുമോ, യു.ജി.സി ചട്ടങ്ങൾ പുനർനിയമനത്തിന് ബാധകമാണോ, ഒരു വി.സിക്ക് 60 വയസ് എന്ന പ്രായപരിധി മറികടക്കാൻ സാധിക്കുമോ എന്നിവയാണ് പരിശോധിച്ചത്.
ഒരു വി.സിയെ പുനർനിയമിക്കാൻ സാധിക്കും, ഒരു വി.സിയുടെ പുനർനിയമനത്തിന് 60 വയസ് എന്ന പ്രായപരിധി ബാധകമാകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. എന്നാൽ, വി.സി നിയമനത്തിൽ സ്വതന്ത്ര തീരുമാനം ഗവർണർക്ക് സ്വീകരിക്കാൻ സാധിച്ചില്ലെന്ന നാലാമത്തെ വിഷയം കോടതി ശരിവെച്ചു.
സംസ്ഥാന സർക്കാറിന്‍റെ അനാവശ്യ ഇടപെടൽ കാരണം തീരുമാനം എടുക്കൽ ഗവർണർക്ക് ദുസ്സഹമായെന്നും ഹൈകോടതിയുടെ കുറ്റകരമായ വിധി റദ്ദാക്കുന്നുവെന്നും ഡിവിഷൻ ബെഞ്ച് വിധിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.