കാമ്പസുകളിലെ പരിപാടികൾക്ക് പെരുമാറ്റച്ചട്ടം ഉടനെന്ന് മന്ത്രി ആർ. ബിന്ദു

തിരുവനന്തപുരം: കുസാറ്റിൽ നാലു പേരുടെ മരണത്തിന് കാരണമായ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കാമ്പസുകളിൽ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയാറാക്കാൻ സമിതി രൂപീകരിച്ചതായി ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. കുസാറ്റ് ദുരന്തത്തെ കുറിച്ചുള്ള സമഗ്ര അന്വേഷണവും സമിതി നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. സജി ഗോപിനാഥ്, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. രാജശ്രീ എം.എസ്‌ (മുൻ വൈസ് ചാൻസലർ), സ്‌കൂൾ ഓഫ് എൻവയോൺമെന്റൽ സയൻസസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് മേധാവി ഡോ. ബൈജു കെ.ആർ. എന്നിവരടങ്ങിയതാണ് സമിതി. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിൽ ടെക്ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തിൽ മൂന്നു വിദ്യാർഥികളും ഒരു സന്ദർശകനും മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പെരുമാറ്റച്ചട്ടം രൂപീകരിക്കാൻ നിശ്ചയിച്ചിരിക്കുന്നത്. കാമ്പസുകളിൽ സമാനമായ പരിപാടികൾ നടത്തുമ്പോൾ പാലിക്കേണ്ട പൊതു നിർദേശങ്ങൾ ഉൾപ്പെട്ട പെരുമാറ്റച്ചട്ടമാണ് സമിതി തയാറാക്കുക എന്നും മന്ത്രി ആർ. ബിന്ദു അറിയിച്ചു.

Tags:    
News Summary - Minister R. Bindu said that the code of conduct for the programs in the campus will be soon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.