തിരുവനന്തപുരം: സിൽവർലൈനിനെതിരെ കേരള വിരുദ്ധ മുന്നണി രൂപം കൊണ്ടിരിക്കുകയാണെന്ന് മന്ത്രി പി. രാജീവ്. സംഘർഷത്തിന് സർക്കാർ ആഗ്രഹിക്കുന്നേയില്ല. ഭൂമി പോകുന്നവർക്ക് സ്വാഭാവികമായും ആശങ്കകളുണ്ടാകും. അതേസമയം വസ്തുതകൾ മറച്ചുവെക്കുകയും 'നിങ്ങളുടെ ഭൂമിയിതാ ഏറ്റെടുക്കാൻ പോകുന്നു'വെന്ന തെറ്റായ പ്രചാരണം കൊണ്ടുപിടിച്ച് നടക്കുകയുമാണ്. ഇത് ശരിയല്ല. കേരളത്തിന് പുറത്തെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് മുൻകൈയെടുക്കുകയും പിന്തുണ കൊടുക്കുകയും ചെയ്യുന്ന രാഷ്ട്രീയ പാർട്ടികൾ കേരളത്തിലെത്തുമ്പോൾ ഇത്തരം പദ്ധതികളെ എതിർക്കുകയാണ്.
ഇവർ ദേശീയ പാർട്ടിയുമായി ബന്ധം വിച്ഛേദിച്ച് കേരള ബി.ജെ.പി എന്നോ കോൺഗ്രസ് കേരളയെന്നോ പ്രഖ്യാപിക്കണം. വില പൂർണമായും കൈമാറിയിട്ടേ ഭൂമി ഏറ്റെടുക്കാനാകൂ. അതിരടയാളം നിശ്ചയിക്കുന്നതിന് കല്ലിടണം. അല്ലാതെ, ഇതെവിടെയാണെന്ന് ഭൂമിയിൽ വരയ്ക്കാൻ പറ്റില്ലല്ലോ. ഭൂമി ഏറ്റെടുക്കുന്നതിന് നിയത നിയമമുണ്ട്. ഇത് പ്രകാരമുള്ള കാര്യങ്ങൾ ഘട്ടംഘട്ടമായി പൂർത്തീകരിച്ചേ ഭൂമി ഏറ്റെടുക്കൂ. അതിൽ വീഴ്ച വന്നാൽ നീതിന്യായ സംവിധാനങ്ങളുണ്ട്. വിഷയങ്ങളെല്ലാം കോടതിയിൽ ഉന്നയിക്കുകയും തീർപ്പുകൽപിക്കുകയും ചെയ്തതാണ്. -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.