തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും സഞ്ചരിച്ച കാർ കുറുകെയിട്ട് കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ സംഭവത്തിൽ ദൃശ്യങ്ങൾ അടങ്ങിയ ബസിലെ സി.സി.ടി.വി കാമറയുടെ മെമ്മറി കാർഡ് കാണാതായതിനെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ. എന്നാൽ, സി.പി.എമ്മുകാർ എടുത്ത് മാറ്റിയെന്ന് ഡ്രൈവർ യദു പറയുന്നു. ഇതിനിടെ, ഇവിടെയുള്ള മറ്റുബസുകളിലെല്ലാം മെമ്മറി കാർഡ് ഉണ്ട്.ഇതിൽ മാത്രം എന്തുകൊണ്ടില്ലാതായെന്ന് അന്വേഷണത്തിലൂടെ മാത്രമെ മനസിലാകൂവെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാർ പറഞ്ഞു.
യദു ഓടിച്ച കെ.എസ്.ആർ.ടി.സി ബസ് പൊലീസ് പരിശോധിച്ചപ്പോൾ കാമറയുടെ ഡി.വി.ആർ കണ്ടെത്തിയെങ്കിലും മെമ്മറി കാർഡ് കണ്ടെത്താൻ കഴിയാത്തതിനാൽ ബസിനുള്ളിലെ ദൃശ്യങ്ങൾ ലഭിക്കാനുള്ള സാധ്യത ഇല്ലാതായി. ടെക്‌നീഷ്യന്റെ സഹായത്തോടെയാണ് ഡി.വി.ആർ കണ്ടെത്തിയത്. 64 ജി.ബിയുടെ ഒരു മെമ്മറി കാർഡ് ഡി.വി.ആറിൽ ഉണ്ടാവേണ്ടതാണ്. മെമ്മറി കാർഡ് ആദ്യം മുതലേ ഇല്ലായിരുന്നോ അല്ലെങ്കിൽ ആരെങ്കിലും എടുത്ത് മാറ്റിയതാണോ എന്നതിൽ ഇതുവരെ വ്യക്തതയില്ല.
ബസിനുള്ളിൽ കയറി സച്ചിൻദേവ് എം.എൽ.എ യാത്രക്കാരെ ഇറക്കിവിട്ടോ എന്ന് പറഞ്ഞുവെന്ന ആരോപണമുൾപ്പെടെ നിർണായകമായ തെളിവുകളാണ് ഇതോടെ ലഭിക്കാതായത്. ഇതോടെ യദു നൽകിയ പരാതിയിൽ നടപടി അനിശ്ചിതത്വത്തിലാണ്. ഇതിനിടെ, സംഭവസമയത്ത് തർക്കം മൊബൈലിൽ ചിത്രീകരിച്ചയാളോട് മേയർ അത് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുന്ന രംഗം പുറത്തുവന്നിരുന്നു. ദൃശ്യങ്ങൾ മേയർക്കെതിരായ തെളിവാകുമെന്നതിനാലാണ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടതെന്നും ഇതേകാരണത്താലാണ് ബസിലെ മെമ്മറി കാർഡ് എടുത്ത് മാറ്റിയതെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.