മന്ത്രി സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗം; സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി

കൊച്ചി: മന്ത്രി സജി ചെറിയാൻ ഭരണഘടനയെ വിമർശിച്ച് നടത്തിയ പ്രസംഗത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെടുന്ന ഹരജി ഹൈകോടതി വിധി പറയാൻ മാറ്റി. വിധിക്ക് മുമ്പ് പ്രസംഗത്തിന്‍റെ ശബ്ദരേഖ കോടതി പരിശോധിക്കും. ഇതിനായി പ്രസംഗം പകർത്തിയ പെൻഡ്രൈവ് ഹാജരാക്കാൻ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് നിർദേശിച്ചു.

കുന്തം, കുടച്ചക്രം എന്നതുകൊണ്ട് പ്രസംഗത്തിൽ മന്ത്രി ഉദ്ദേശിച്ചതെന്തെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. സംവാദമാകാം, എന്നാൽ ഭരണഘടനയുടെ അന്തസ്സത്തയോട് വിയോജിക്കാൻ പൗരന്മാർക്കാകുമോയെന്നും പരാമർശിച്ചു. വാക്കുകൾ ചിലപ്പോൾ പ്രസംഗിച്ചയാൾ ഉദ്ദേശിക്കാത്ത അർഥത്തിലായേക്കാം. ഭരണഘടനയോട് അനാദരം സംശയിക്കുന്ന വേറെയും പ്രയോഗങ്ങൾ പ്രസംഗത്തിലുണ്ടെന്നും കോടതി സൂചിപ്പിച്ചു.

2022 ജൂലൈ മൂന്നിന് പത്തനംതിട്ട മല്ലപ്പള്ളിയിലെ സി.പി.എം പരിപാടിയിൽ പ്രസംഗിച്ചതാണ് വിവാദമായത്. സജി ചെറിയാന് ക്ലീൻചിറ്റ് നൽകിയ പൊലീസ് റിപ്പോർട്ട് പരിഗണിച്ച് മജിസ്‌ട്രേറ്റ് കോടതി അദ്ദേഹത്തെ കുറ്റമുക്തനാക്കിയിരുന്നു. ഇത് ചോദ്യം ചെയ്തും സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടും അഭിഭാഷകനായ ബൈജു നോയലാണ് ഹരജി നൽകിയത്. പ്രസംഗം കേൾക്കാൻ ഹരജിക്കാരൻ ഉണ്ടായിരുന്നില്ലല്ലോ എന്ന കോടതിയുടെ ചോദ്യത്തിന് മാധ്യമങ്ങളിൽനിന്നാണ് അറിഞ്ഞതെന്നായിരുന്നു മറുപടി. മന്ത്രിയുടെ രണ്ടരമണിക്കൂർ പ്രസംഗത്തിൽ സാന്ദർഭികമായി പറഞ്ഞ കാര്യങ്ങൾ മാത്രമാണിതെന്നാണ് സർക്കാറിന്‍റെ വാദം. ഭരണഘടനയെ ഉപയോഗിച്ച് തൊഴിലാളിവർഗത്തെ ചൂഷണം ചെയ്യുന്നുവെന്ന്​ വിമർശിച്ചതല്ലാതെ, ഭരണഘടനയെ അവഹേളിച്ചിട്ടില്ലെന്നായിരുന്നു കീഴ്​വായ്​പൂർ പൊലീസിന്റെ കണ്ടെത്തൽ.

Tags:    
News Summary - Minister Saji Cherian's speech criticizing the Constitution

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.