തിരുവനന്തപുരം: സ്കൂൾ വിദ്യാർഥികൾക്കുള്ള എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് കുടിശ്ശികയുള്ള കുട്ടികൾക്കായി അഞ്ച് കോടിയുടെ അധിക അലോട്ട്മെന്റ് ആവശ്യപ്പെട്ടതായും തുക ലഭിക്കുന്ന മുറയ്ക്ക് സ്കോളർഷിപ് കുടിശ്ശിക വിതരണം ചെയ്യുമെന്നും മന്ത്രി വി. ശിവൻകുട്ടി. എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് തുകയിനത്തിൽ 4.74 കോടി രൂപ വിദ്യാഭ്യാസ വകുപ്പ് കുടിശ്ശികയാക്കിയെന്ന് മാധ്യമം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എൽ.എസ്.എസിന് മാത്രമായി 2.10 കോടി രൂപയും യു.എസ്.എസിന് 2.63 കോടി രൂപയുമാണ് കുടിശ്ശിക.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടിയ കുട്ടികൾക്ക് നൽകുന്ന ഒറ്റത്തവണ സ്കോളർഷിപ്പിൽ 2022-23ൽ 80.14 ലക്ഷം രൂപ കുടിശ്ശികയുണ്ട്. എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പുമായി ബന്ധപ്പെട്ട് യഥാസമയം കൃത്യമായ രേഖകൾ സമർപ്പിച്ചവർക്ക് 2017-18 മുതലുള്ള കുടിശ്ശിക വിതരണം ചെയ്തതായും ഈ ഇനത്തിൽ മൊത്തം 29 കോടിയോളം രൂപ ഇതുവരെ നൽകിയെന്നും മന്ത്രി പറയുന്നു.
വൈകിയെത്തിയ വിവരങ്ങൾ പോർട്ടലിൽ രേഖപ്പെടുത്തിയതിൽ വന്ന കാലതാമസവും പുതിയ സോഫ്റ്റ്വെയർ നിലവിൽ വന്നതിനെ തുടർന്നുള്ള മാറ്റങ്ങളാലും അഡീഷനൽ അലോട്ട്മെന്റ് ആവശ്യപ്പെടുന്നതിൽ കാലതാമസം നേരിട്ടതായി പറഞ്ഞ മന്ത്രി എൽ.എസ്.എസ്, യു.എസ്.എസ് സ്കോളർഷിപ് തുക 200, 300 രൂപ എന്നത് യഥാക്രമം 1000,1500 രൂപയാക്കി സർക്കാർ വർധിപ്പിച്ച കാര്യവും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.