തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഫോക്കസ് ഏരിയ വിഷയത്തിൽ അധ്യാപകർക്കെതിരെ പരോക്ഷ വിമർശനവുമായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. അധ്യാപകരുടെ ജോലി പഠിപ്പിക്കൽ ആണെന്നും അവർ ആ ചുമതല നിർവഹിച്ചാൽ മതിയെന്നും മന്ത്രി പറഞ്ഞു.
വിദ്യാഭ്യാസവകുപ്പിലെ ഓരോ ഉദ്യോഗസ്ഥനും ചുമതല നിശ്ചയിച്ചിട്ടുണ്ട്. അവർ ആ ചുമതല നിർവഹിച്ചാൽ മതി. എല്ലാവരും ചേർന്ന് ഒരു ചുമതല നിർവഹിക്കണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. പരീക്ഷകളിൽ ഫോക്കസ് ഏരിയയിൽ നിന്നുള്ള ചോദ്യം 70 ശതമാനത്തിൽ നിജപ്പെടുത്തിയ ചോദ്യപേപ്പർ പാറ്റേണിനെതിരെ ഒട്ടേറെ അധ്യാപകർ സമൂഹമാധ്യമങ്ങളിലടക്കം പരസ്യപ്രതികരണം നടത്തിയിരുന്നു. സർവിസ് ചട്ടങ്ങൾ ലംഘിച്ച് സമൂഹമാധ്യമങ്ങളിലൂടെ സർക്കാറിന്റെ അംഗീകൃത നയങ്ങൾക്കെതിരെ അധ്യാപകർ അഭിപ്രായപ്രകടനം നടത്തുന്നതിനെതിരെ കർശന നടപടിയെടുക്കുമെന്ന് കഴിഞ്ഞദിവസം മന്ത്രി പറഞ്ഞിരുന്നു.
മന്ത്രിയുടെ പ്രതികരണത്തിനെതിരെ സി.പി.ഐ അധ്യാപകസംഘടനയായ എ.കെ.എസ്.ടി.യു ഉൾപ്പെടെ വിമർശനവുമായി രംഗത്തുവന്നു.
സർവിസ് നിയമങ്ങളും ചട്ടങ്ങളും അനുശാസിക്കുന്ന ചാട്ടവാർ ഉപയോഗിച്ച് അധ്യാപക സംഘടനകളുടെ അഭിപ്രായസ്വാതന്ത്ര്യത്തിനുനേരെ ആരുതന്നെ വാളോങ്ങിയാലും അംഗീകരിച്ചുകൊടുക്കില്ലെന്ന് എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ. ശ്രീകുമാറും ജനറൽ സെക്രട്ടറി ഒ.കെ. ജയകൃഷ്ണനും പറഞ്ഞു. തൊഴിലാളി സംഘടന നേതാവായ ആൾ മന്ത്രിയായപ്പോൾ ചർച്ചയില്ലാതെ ഏകപക്ഷീയ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും കെ.പി.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് എം. സലാഹുദ്ദീനും ജനറൽ സെക്രട്ടറി സി. പ്രദീപും പറഞ്ഞു.
എതിർശബ്ദങ്ങളെ ഭയക്കുന്ന സർക്കാർ അധ്യാപകരുടെ വായ്മൂടിക്കെട്ടാൻ ശ്രമിക്കുകയാണെന്നും അതാണ് മന്ത്രിയുടെ പ്രസ്താവനയെന്നും എ.എച്ച്.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ആർ. അരുൺകുമാറും ജനറൽ സെക്രട്ടറി എസ്. മനോജും കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.