അൽപ്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ മന്ത്രി തോമസ്​ ഐസക്ക്​ ഉടന്‍ രാജിവെക്കണം -രമേശ്​ ചെന്നിത്തല

തിരുവനന്തപുരം: മന്ത്രിസഭയുടെ തലവനായ മുഖ്യമന്ത്രി തന്നെ തള്ളിപ്പറഞ്ഞ സ്ഥിതിക്ക് ധനമന്ത്രി സ്ഥാനത്ത് തുടരാന്‍ തോമസ് ഐസക്കിന് അര്‍ഹത നഷ്ടപ്പെട്ടിരിക്കുകയാണെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അൽപ്പമെങ്കിലും ഉളുപ്പ് അവശേഷിക്കുന്നുണ്ടെങ്കില്‍ ഐസക് ഉടന്‍ രാജിവെക്കണം.

കഴിഞ്ഞ രണ്ടു ദിവസമായി വിജിലന്‍സിനെതിരെ വാളോങ്ങി നിന്ന തോമസ് ഐസക്കിനെ മുഖമടച്ച് പ്രഹരിക്കുന്ന മട്ടിലാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. പരസ്യമായി മുഖ്യമന്ത്രി തൻെറ മന്ത്രിസഭയിലെ ഒരംഗത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അതിനര്‍ത്ഥം ആ മന്ത്രിയില്‍ മുഖ്യമന്ത്രിക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണ് എന്നാണ്.

മുഖ്യമന്ത്രിയുടെ വിശ്വാസം നഷ്​ടപ്പെട്ട തോമസ് ഐസക്കിന് മന്ത്രിസഭയില്‍ തുടരാന്‍ അര്‍ഹതയില്ല. കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് റെയ്​ഡ്​ ആരുടെ വട്ടാണെന്നാണ് മന്ത്രി തോമസ് ഐസക്ക് നേരത്തെ ചോദിച്ചത്.

സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളെ സഹായിക്കാനുള്ള ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും മന്ത്രി ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള വിജിലന്‍സിനെതിരെ ഗുരുതര ആരോപണമാണ് ഐസക്ക് ഉന്നയിച്ചത്. അതിനെയാണ് മുഖ്യമന്ത്രി തള്ളിയത്.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് റെയ്​ഡ്​ നടന്നത് എന്നു വേണം അദ്ദേഹത്തിൻെറ ന്യായീകരണത്തില്‍നിന്ന്​ മനസ്സിലാക്കാൻ. റെയ്​ഡിൽ ഗൂഢാലോചന എന്ന് ഐസക്ക് പറഞ്ഞതില്‍ മുഖ്യമന്ത്രിയും ഉള്‍പ്പെടുന്നു. മുഖ്യമന്ത്രിക്കും ധനമന്ത്രിക്കും പരസ്​പര വിശ്വാസവും മന്ത്രിസഭക്ക്​ കൂട്ടുത്തരവാദിത്തവും നഷ്ടപ്പെട്ടിരിക്കുകയാണ്​. കെ.എസ്.എഫ്.ഇ റെയ്​ഡില്‍ ആര്‍ക്കാണ് വട്ടെന്ന പഴയ ചോദ്യത്തില്‍ തോമസ് ഐസക്ക് ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്ന്​ രമേശ്​ ചെന്നിത്തല പറഞ്ഞു.

Full View

Tags:    
News Summary - Minister Thomas Isaac should resign immediately - Ramesh Chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.