തിരുവനന്തപുരം: സി.പി.എം നേതാവും ഡെപ്യൂട്ടി സ്പീക്കറുമായ ചിറ്റയം ഗോപകുമാറിനെതിരെ പരാതിയുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. എൽ.ഡി.എഫ് നേതൃത്വത്തിനാണ് വീണ ജോർജ് പരാതി നൽകിയത്. ചിറ്റയം ഗോപകുമാർ വസ്തുതാവിരുദ്ധമായ ആരോപണങ്ങൾ പരസ്യമായി ഉന്നയിക്കുകയാണെന്ന് പരാതിയിൽ പറയുന്നു.
പത്തനംതിട്ട ജില്ലയിലെ പാർട്ടിയിലെയും അണികളുടെയും വികാരത്തെ മനസിലാക്കുന്നില്ല. ആശയഭിന്നതയുണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നു. ചിറ്റയം ഗോപകുമാറിന്‍റെ ഫോൺ രേഖകൾ പരിശോധിക്കണം. അടൂർ ആശുപത്രിയിലെ ലൈംഗിക ആക്രമണ പരാതിയിലെടുത്ത നടപടിയെ തുടർന്ന് തനിക്കെതിരെ വ്യക്തിവിരോധമുണ്ടായത്. സർക്കാറിന്‍റെ ഒന്നാം വാർഷിക പരിപാടിയിലേക്ക് എം.എൽ.എമാരെ ക്ഷണിക്കേണ്ടത് ജില്ല ഭരണകൂടമാണെന്നും പരാതിയിൽ വീണ ജോർജ് ചൂണ്ടിക്കാട്ടുന്നു.
പത്തനംതിട്ട ജില്ലയിലെ സി.പി.ഐ-സി.പി.എം അഭിപ്രായ ഭിന്നതയെ തുടർന്നാണ് വീണ ജോർജിനെതിരെ ഗുരുതര ആരോപണവുമായി ചിറ്റയം ഗോപകുമാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. ഇടത് സർക്കാറിന്‍റെ ഒന്നാം വാർഷികം അടക്കമുള്ള പരിപാടികൾക്കായി തന്‍റെ ചിത്രങ്ങൾ പ്രദർശിപ്പിക്കുമെങ്കിലും തന്നെ അറിയിക്കുന്നില്ലെന്നാണ് പരാതി. എം.എൽ.എമാരോട് കൂടിയാലോചിക്കാതെ ഏകപക്ഷീയമായി മന്ത്രി കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുവെന്നും ചിറ്റയം ഗോപകുമാർ മാധ്യമങ്ങളോട് പറയുന്ന സ്ഥിതിവിശേഷമുണ്ടായി.
ഇരുപാർട്ടികൾക്കിടയിലെ അഭിപ്രായ ഭിന്നത സമൂഹമാധ്യമങ്ങളിലൂടെയുള്ള ഏറ്റുമുട്ടലിൽ വരെ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.