തിരുവനന്തപുരം: അനുപമയുടെ കുട്ടിയുടെ ദത്ത് നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കുടുംബ കോടതിക്ക് മുമ്പാകെ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി വീണാ ജോർജ്.
കുട്ടിയുടെ ദത്തെടുക്കല്‍ നടപടി പൂര്‍ത്തിയാകുന്നതിന് മുമ്പ് കുട്ടിയെ വിട്ടുകിട്ടണമെന്ന അമ്മയുടെ ആവശ്യവും ഇത് സംബന്ധിച്ച് സര്‍ക്കാര്‍ നടത്തുന്ന അന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും വിലയിരുത്തണമെന്ന് ആവശ്യപ്പെടാന്‍ മന്ത്രി വനിത ശിശുവികസന വകുപ്പിന് നിര്‍ദേശം നല്‍കി.
കുട്ടിയെ ഇരുട്ടിലാക്കാൻ 'മലാല'യെയും കൂട്ടുപിടിച്ചു, ഷിജുഖാനും ശിശുക്ഷേമ സമിതിയും സംശയ നിഴലിൽ; തുടക്കം മുതൽ ഒടുക്കം വരെ നടത്തിയ നിയമലംഘനങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: അനുപമക്ക് തന്‍റെ കുരുന്നിനെ ഒരിക്കലും തിരിച്ചുകിട്ടാതിരിക്കാൻ നടന്നത് ശിശുക്ഷേമസമിതിയുടെ നേതൃത്വത്തിൽ നടന്നത് ആസൂത്രിത മുന്നൊരുക്കങ്ങൾ. തുടക്കം മുതൽ ഒടുക്കം വരെ നിയമങ്ങൾ ലംഘിച്ചാണ് ശിശുക്ഷേമ സമിതിയും ജനറൽ സെക്രട്ടറി അഡ്വ. ഷിജുഖാനും ഈ വിഷയത്തിൽ ഇടപെട്ടതെന്നാണ് പരാതി. കുട്ടിയെ പിന്നീട് തിരിച്ചറിയാതിരിക്കാനും തെളിവ് നശിപ്പിക്കാനും ആശുപത്രി രേഖകളിൽ ലിംഗം വരെ തെറ്റായി രേഖപ്പെടുത്തുകയും ഡി.എൻ.എ ടെസ്റ്റിൽ കൃത്രിമത്വം കാണിക്കുകയും ചെയ്തു.
ആൺകുട്ടിയെ പെൺകുട്ടിയാക്കി മാറ്റി ശിശുക്ഷേമ സമിതിയുടെ ലെറ്റർഹെഡിൽ ഷിജുഖാൻ പുറത്തിറക്കിയ പത്രക്കുറിപ്പാണ് ഇതിൽ ഏറെ ശ്രദ്ധേയം. അനുപമയിൽനിന്ന് തട്ടിയെടുത്ത കുഞ്ഞിന്, സ്ത്രീ ശാക്തീകരണത്തിന്റെ മാതൃകയായാണ് 'മലാല' എന്നുപേരിട്ടത് എന്നാണ് കുറിപ്പിൽ ഷിജുഖാൻ പറയുന്നത്. പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണത്രെ ഈ പേരിട്ടത്.
ഇത് സംബന്ധിച്ച് വാർത്താ കുറിപ്പിൽ പറയുന്നതിങ്ങനെ:
'പേരിടുന്നതിലും വ്യത്യസ്തത കാത്തു സൂക്ഷിച്ചു. സാർവദേശീയ തലത്തിൽ പെൺകുട്ടികളുടെയും സ്ത്രീകളുടെയും മുന്നേറ്റത്തിന് പ്രതീകമായി ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് മലാലാ യൂസഫ് സായി. സ്വന്തം നാട്ടിൽ സ്ത്രീ വിദ്യാഭ്യാസത്തിനായി പോരാടി ലോക ശ്രദ്ധയിലേക്ക് വരികയും അതോടൊപ്പം പാകിസ്താനിലെ സ്വാത് താഴ്വരയിൽ താലിബാൻ മത മൗലിക വാദികൾക്കെതിരെ പോരാട്ടത്തിൽ പങ്കാളിയാവുകയും ചെയ്തു. ഭീകരവാദികളുടെ ക്രൂരമായ ആക്രമണത്തിനിരയായി ക്രൂരമായി പരിക്കേറ്റ മലാലയ്ക്ക് തലനാരിഴയ്ക്കാണ് ജീവൻ തിരിച്ചുകിട്ടിയത്. അക്ഷരങ്ങളുടെയും വിജ്ഞാനത്തിന്റെയും പ്രാധാന്യം വിളിച്ചോതിയും പെൺകുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന സന്ദേശം ഉയർത്തിപ്പിടിച്ചും കുഞ്ഞിന് മലാല എന്നുപേരിട്ടതായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ഷിജുഖാൻ പത്രക്കുറിപ്പിൽ അറിയിച്ചു'
ഏറ്റെടുത്തത് തന്നെ നിയമവിരുദ്ധം
അനുപമയുടെ മാതാപിതാക്കളുടെ കൈയിൽനിന്നാണ് കുട്ടിയെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ഏറ്റുവാങ്ങിയത്.ജനറൽ സെക്രട്ടറി ഷിജുഖാന്റെ നിർദേശപ്രകാരമാണിത്. ഒരുവർഷത്തേക്കുള്ള വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും അനുപമയുടെ രക്ഷിതാക്കകൾ നൽകിയിരുന്നു. 2020 ഒക്ടോബർ 22ന് രാത്രി 12.30ന് അമ്മത്തൊട്ടിലിെൻറ മുൻവശത്തുനിന്നായിരുന്നു ഏറ്റുവാങ്ങൽ.
എന്നാൽ, രക്തബന്ധുക്കളിൽനിന്ന് ജീവനക്കാർക്കോ സമിതിക്കോ നേരിട്ട് കുട്ടിയെ ഏറ്റുവാങ്ങാൻ നിയമം അനുവദിക്കുന്നില്ല. പകരം, ഉപേക്ഷിക്കപ്പെടുന്ന കുഞ്ഞിനെ മാത്രമെ ശിശുക്ഷേമ സമിതിക്ക് സ്വീകരിക്കാൻ അനുവാദമുള്ളു. ഇനി രക്തബന്ധുക്കളിൽ നിന്ന് കുട്ടിയെ ഏറ്റുവാങ്ങണമെങ്കിൽ അത് ചൈൽഡ് വെൽഫയർ കമ്മിറ്റി വഴിയെ സാധിക്കു. അപ്പോഴും മാതാപിതാക്കളുടെ സാന്നിധ്യം അവിടെ ഉണ്ടാകണമെന്നും നിയമം ഉണ്ട്. ഈ നിയമവും ഇവിടെ പച്ചയായി ലംഘിച്ചു. വാർത്താ കുറിപ്പിൽ ഏറ്റുവാങ്ങിയ വിവരം മറച്ചുവെക്കുകയും അമ്മത്തൊട്ടിലിൽനിന്ന് ലഭിച്ചു എന്നാക്കി മാറ്റുകയും ചെയ്തു.
'ലിംഗമാറ്റം'പുറത്തായപ്പോൾ അബദ്ധം പിണഞ്ഞുവെന്ന് കുറ്റസമ്മതം
രാത്രി 12.30ന് ലഭിച്ച കുഞ്ഞിനെ രാത്രി 12.45ന് തന്നെ തൈക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രിയിൽ നിയമപരമായ ശാരീരിക പരിശോധനക്കെത്തിച്ചു. ഇവിടെ വെച്ചാാണ് രേഖകകളിൽ കുട്ടിയുടെ 'ലിംഗമാറ്റം' നടത്തിയത്. ജനറൽ സെക്രട്ടറിയുടെ നിർദേശപ്രകാരമാണ് ആൺകുട്ടിയെ പെൺകുട്ടിയായി രേഖപ്പെടുത്തിയതെന്നാണ് സമിതി വൃത്തങ്ങൾ പറയുന്നത്. ഇതിന് ഡോക്ടർമാരടക്കം ആശുപത്രി ജീവനക്കാരെയും സ്വാധീനിക്കുകയായിരുന്നു.
അടുത്ത ദിവസമാണ്, പുതുതായി ലഭിച്ച കുഞ്ഞിന് 'മലാല' എന്ന് പേരിട്ടതായി വാർത്താകുറിപ്പിൽ അറിയിച്ചത്. എന്നാൽ, ആശുപത്രിയിൽ നടന്ന തിരിമറി ഒരു വിഭാഗം ജീവനക്കാർ പുറത്തുവിട്ടതോടെ 'അബദ്ധ'മെന്ന പേരിൽ ഷിജുഖാൻ കൈയൊഴിഞ്ഞു. കുട്ടിക്ക് 'എഡ്സൺ പെലെ' എന്ന് പേരിട്ടതായും തൊട്ടടുത്ത ദിവസം പത്രക്കുറിപ്പിലൂടെ അറിയിച്ചു. എന്നാൽ, ഒക്ടോബർ 23ന് വൈകീട്ട് അമ്മത്തൊട്ടിലിൽ ലഭിച്ച ആൺകുട്ടിക്കായിരുന്നു പെലെ എന്ന പേര് നൽകിയത്. അനുപമയുടെ മകന് സിദ്ധാർഥ് എന്ന് പുനർനാമകരണം ചെയ്തത് ചൈൽഡ് വെൽഫെയർ കമ്മിറ്റിയാണ്. ഈ വിവരം രഹസ്യമാക്കിെവച്ചു.
ഡി.എൻ.എ ടെസ്റ്റ് മറ്റൊരു കുഞ്ഞിനെ കാണിച്ച്
കുഞ്ഞിനെ തേടി അനുപമയും അജിത്തും അവിടെ ചെന്നപ്പോൾ ഡി.എൻ.എ ടെസ്റ്റിലും സമിതി ഉന്നതർ തിരിമറി നടത്തി. മൂന്നുദിവസം മാത്രം തനിക്കൊപ്പമുണ്ടായിരുന്ന കുഞ്ഞിനെ തിരിച്ചറിയാൻ അനുപമക്ക് കഴിയുമായിരുന്നില്ല. അതുെകാണ്ടാണ് ഡി.എൻ.എ ടെസ്റ്റ് നടത്താൻ അനുപമ തന്നെ ആവശ്യപ്പെട്ടത്. ഇതിനായി ശിശുക്ഷേമ സമിതിയിൽ ചെന്നപ്പോൾ ഒരുദിവസംതന്നെ കിട്ടിയ രണ്ടു കുട്ടികൾ അവിടെയുണ്ടെന്നു പറഞ്ഞു. മറ്റൊരു കുഞ്ഞിനെ കാണിച്ചാണ് അവർ ടെസ്റ്റ് നടത്തിയത്. ഫലം നെഗറ്റിവായിരുന്നു. പെലെയുടെ ഡി.എൻ.എ പരിശോധനാ ഫലം കാണിച്ചാണ് ഇരുവരെയും ശിശുക്ഷേമ സമിതി അധികൃതർ മടക്കി അയച്ചത്. അതൊക്കെ അവർ നേരേത്ത ആസൂത്രണം ചെയ്തിരുന്നതായി അനുപമ പറയുന്നു.
ദത്ത് നൽകിയതിലും നിയമലംഘനം
ദത്ത് നൽകൽ നടപടിയുടെ ഭാഗമായി ജില്ല ശിശുസംരക്ഷണ യൂനിറ്റ് നിയമപരമായി അവകാശികൾക്ക് ബന്ധപ്പെടാൻ പത്രപ്പരസ്യം നൽകിയെങ്കിലും സിദ്ധാർഥിെൻറ കഥകൾ അറിയാമായിരുന്ന ജനറൽ സെക്രട്ടറി സത്യം മൂടിവെച്ചു. ആദ്യം ലഭിച്ച കുട്ടികളെ ആാദ്യം നൽകണം എന്നാണ് നിയമം. എന്നാൽ, അനുപമയുടെ കുട്ടിയെ ഈ മുൻഗണന ക്രമം തെറ്റിച്ചാണ് കൈമാറിയത്. ഈ വർഷം ആഗസ്റ്റ് ഏഴിനാണ് സിദ്ധാർഥിനെ ആന്ധ്ര സ്വദേശികളായ ഗൊല്ല രാമൻ-ഭൂമ അനുപമ ദമ്പതികൾക്ക് ദത്ത് നൽകിയത്. സാധാരണ ജനറൽ സെക്രട്ടറിയാണ് കൈമാറുന്നതെങ്കിലും ഏഴിന് ജനറൽ സെക്രട്ടറിയുടെ നിർദേശ പ്രകാരം സമിതിയിലെ നഴ്സാണ് കുട്ടിയെ കൈമാറിയത്.
ദത്ത് കൊടുക്കുന്നതിനുമുമ്പുതന്നെ കുട്ടിയെ ആവശ്യപ്പെട്ട് അനുപമയും അജിത്തും ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽെഫയർ കമ്മിറ്റിക്കും പരാതി നൽകിയിരുന്നു. ആ പരാതി നിൽക്കെയായിരുന്നു കുട്ടിയുടെ കൈമാറ്റം. അനുപമ ശിശുക്ഷേമ സമിതിയിലെത്തിയെങ്കിലും കുട്ടിയില്ലെന്ന മറുപടിയാണ് നൽകിയത്.
കുഞ്ഞിനെ ശിശുക്ഷേമ സമിതി വഴി നാടുകടത്താൻ മാതാപിതാക്കളും സി.പി.എം നേതാക്കളും പ്രമുഖ അഭിഭാഷകരും ചേർന്ന് സിനിമയെ വെല്ലുന്ന തിരക്കഥ ആസൂത്രണം ചെയ്തുവെന്നാണ് ഇതെല്ലാം തെളിയിക്കുന്നത്. കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമയുടെ പരാതിയിൽ കേസെടുത്ത ബാലാവകാശ കമ്മിഷൻ ശിശുക്ഷേമ സമിതിയോടും പൊലീസിനോടും റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.