തിരുവനന്തപുരം: കിഫ്ബി വായ്പകളുടെ ഭരണഘടന സാധുതയെ ചോദ്യം ചെയ്ത സി.എ.ജിക്കെതിരെ തുറന്ന പോരിന് സർക്കാർ. ഭരണഘടന സ്ഥാപനമായ സി.എ.ജിയെ ധനമന്ത്രി തോമസ് െഎസക് കടന്നാക്രമിച്ചത് കൃത്യമായ മുന്നൊരുക്കത്തോടെ. അഡ്വക്കറ്റ് ജനറലുമായും പാർട്ടിയുമായും കൂടിയാലോചിച്ച ശേഷമായിരുന്നു മന്ത്രിയുടെ വാർത്തസമ്മേളനം.
സി.എ.ജിയുടെ കരട് ഒാഡിറ്റ് റിപ്പോർട്ടിലെ പരാമർശത്തിനെതിരെ ചീഫ് സെക്രട്ടറിയെ രംഗത്തിറക്കി മറുപടി നൽകാനാണ് നീക്കം. സാധാരണ സി.എ.ജി പരാമർശങ്ങൾക്ക് ധന സെക്രട്ടറിയോ അതിന് താെഴയുള്ള ഉദ്യോഗസ്ഥരോ ആണ് മറുപടിയോ വിശദീകരണമോ നൽകുന്നത്. ചീഫ് സെക്രട്ടറിയെ തന്നെ മറുപടി നൽകാൻ നിയോഗിച്ചെന്നത് സർക്കാർ കർക്കശ നിലപാടിൽ തന്നെ ഉറച്ചുനിൽക്കുന്നെന്നാണ് സൂചിപ്പിക്കുന്നത്. മുന്നൊരുക്കമെന്ന നിലയിൽ നിയമവിദഗ്ധരിൽനിന്നും കിഫ്ബിയിെല ഉന്നത ഉദ്യോഗസ്ഥരിൽനിന്നും ധനവകുപ്പ് വിശദാംശം ശേഖരിച്ചുകഴിഞ്ഞു.
കിഫ്ബി രൂപവത്കരിച്ച 1999 ഇതുവരെ ഒമ്പത് തവണ സി.എ.ജി കിഫ്ബിയിൽ പരിശോധനയോ ഓഡിറ്റോ റിപ്പോർട്ടോ തയാറാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ കരടിലൊഴികെ കിഫ്ബി ഭരണഘടനവിരുദ്ധം എന്ന് ഒരിക്കൽപോലും ഉന്നയിച്ചിട്ടില്ല. സംസ്ഥാന സർക്കാറിന് ബാധകമായ നിയന്ത്രണങ്ങൾ കോർപറേറ്റ് സ്ഥാപനമായ കിഫ്ബിക്ക് ബാധകമല്ലെന്ന് സർക്കാർ വ്യക്തമാക്കുന്നു.
സംസ്ഥാന സർക്കാറുകൾ വിദേശത്തുനിന്ന് ധനം സമാഹരിക്കാൻ പാടില്ലെന്ന ഭരണഘടനയിലെ 293(1) അനുച്ഛേദം കിഫ്ബിക്ക് ബാധകമായാൽ പോലും അനുമതിയോടെ വിദേശത്തുനിന്ന് പണം സമാഹരിക്കാൻ ഭരണഘടന തന്നെ അനുവാദം നൽകിയിട്ടുണ്ട്. മസാല ബോണ്ടിറക്കാൻ തടസ്സമില്ലെന്നു കാട്ടി റിസർവ് ബാങ്ക് കിഫ്ബിക്ക് നൽകിയ കത്തും ധനവകുപ്പിെൻറ തുറുപ്പുശീട്ടാണ്. ഇൗ കത്തും ചീഫ് സെക്രട്ടറി സി.എ.ജിക്ക് കൈമാറും. ഇതിനിടെ സി.എ.ജിയുടെ കരട് റിപ്പോർട്ടിലെ ഉള്ളടക്കം പുറത്തുവിട്ടത് അവകാശ ലംഘനമാണെന്ന ആക്ഷേപം ഉയരുന്നുണ്ട്. കരട് റിപ്പോർട്ടുകൾ ചോരാറുണ്ടെങ്കിലും അത് മന്ത്രി തന്നെ പരസ്യമാക്കിയത് ശരിയായില്ലെന്നാണ് ആക്ഷേപം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.