സുനിൽകുമാർ, ശശി
പന്തളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കുനേരേ ലൈംഗികാതിക്രമം നടത്തിയ രണ്ടുപേർ പിടിയിൽ. പന്തളം കുരമ്പാല വടക്കേതിൽ മേലെതുണ്ടിൽ രാജേഷ് എന്ന് വിളിക്കുന്ന സുനിൽ കുമാർ (42), കുരമ്പാല കൊച്ചുതുണ്ടിൽ വീട്ടിൽ ശശി (60) എന്നിവരെയാണ് പന്തളം പൊലീസ് അറസ്റ്റ് ചെയ്തത്.
2021 കോവിഡ് കാലത്ത് എട്ടാം ക്ലാസ്സിൽ പഠിക്കവെയാണ് ആദ്യ സംഭവം. ആരുമില്ലാത്ത സമയത്ത് മൊബൈൽ ചാർജർ ചോദിച്ച് കുട്ടിയുടെ വീട്ടിൽ എത്തി സുനിൽ കുമാർ ആക്രമിക്കാൻ ശ്രമിച്ചു. രണ്ടാമത്തെ സംഭവം കഴിഞ്ഞ വർഷം ജൂണിലായിരുന്നു. കുട്ടിയുടെ വിദ്യാഭ്യാസത്തിന് സാമ്പത്തിക സഹായം ചെയ്തത് മുതലെടുത്ത് പ്രതി ശശി സ്വന്തം വീട്ടിൽവെച്ച് കുട്ടിയെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു.
സ്കൂളിൽ എത്താതിരുന്ന കുട്ടിക്ക് കൗൺസിലിങ് നൽകിയപ്പോഴാണ് ലൈംഗികാതിക്രമത്തെക്കുറിച്ച് അറിയുന്നത്. തുടർന്ന് പന്തളം പൊലീസിൽ അറിയിക്കുകയായിരുന്നു. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി. ഇന്ന് പുലർച്ചെ വീടുകളിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
അടൂർ ഡി.വൈ.എസ്.പി ജി. സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം പൊലീസ് ഇൻസ്‌പെക്ടർ ടി.ഡി പ്രജീഷിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. അന്വേഷണസംഘത്തിൽ എസ്.ഐ അനീഷ് എബ്രഹാം, സി.പി.ഓമാരായ എസ്. അൻവർഷാ, കെ. അമീഷ്, ആർ. രഞ്ജിത്ത്, അനൂപ് എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.