തിരുവനന്തപുരം: കേന്ദ്ര സർക്കാറിന്‍റെ ന്യൂനപക്ഷങ്ങള്‍ക്കായുള്ള പ്രീ-മെട്രിക് സ്‌കോളര്‍ഷിപ് സ്‌കീം കഴിഞ്ഞ നാല് വർഷത്തിനിടെ കേരളത്തിൽ 23.18 ലക്ഷത്തിലധികം വിദ്യാർഥികള്‍ക്ക് പ്രയോജപ്പെട്ടതായി ദേശീയ ന്യൂനപക്ഷ കമീഷന്‍ അംഗം സയ്യിദ് ഷഹ്സാദി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രധാനമന്ത്രിയുടെ പുതിയ 15 ഇന ക്ഷേമ പദ്ധതിയുടെയും പ്രധാനമന്ത്രി ജന്‍ വികാസ് പരിപാടിയുടെയും അവലോകനത്തിന് എത്തിയതായിരുന്നു കമീഷൻ അംഗം. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായുള്ള പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ് സ്‌കീം 2.62 ലക്ഷത്തിലധികം വിദ്യാർഥികള്‍ക്കും മെറിറ്റ് കം മീന്‍സ് സ്‌കോളര്‍ഷിപ് 11,820 വിദ്യാർഥികൾക്കും പ്രയോജനപ്പെട്ടു. 4,921.92 കോടി രൂപ ചെലവഴിച്ച കേന്ദ്ര സർക്കാറിന്‍റെ പി.എം.എ.വൈ (യു) പദ്ധതിക്ക് കീഴില്‍ ന്യൂനപക്ഷവിഭാഗങ്ങളിലെ 36,991 പേര്‍ക്ക് 2019-2022 കാലയളവില്‍ പ്രയോജനപ്പെട്ടു. മറ്റ് പദ്ധതികളായ ദേശീയ നഗര ഉപജീവന ദൗത്യം, ഡി.ഡി.യു.ജി.കെ.വൈ എന്നിവയില്‍ ന്യൂനപക്ഷ വിഭാഗങ്ങളിലെ 1.6 ലക്ഷം പേരും 70,348 പേരും ഗുണഭോക്താക്കളായി.
സംസ്ഥാന ന്യൂനപക്ഷ കമീഷനിൽ ബുദ്ധ, സിഖ്, ജൈന, പാഴ്‌സി വിഭാഗങ്ങൾക്ക് പ്രാതിനിധ്യം നൽകുന്നതിന്‍റെ സാധ്യതയും സയ്യിദ് ഷഹ്സാദി സംസ്ഥാന സർക്കാർ പ്രതിനിധികളുമായി ചർച്ച ചെയ്തു. ദലിത് ക്രിസ്ത്യന്‍ വിഭാങ്ങളിലുള്ളവര്‍ക്ക് ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത പ്രശ്നവും കമീഷൻ അംഗം സർക്കാറിന്‍റെ ശ്രദ്ധയിൽപെടുത്തി.
പ്രവാചകനെതിരായ പരാമർശം: ഉത്തരംമുട്ടി ന്യൂനപക്ഷ കമീഷൻ അംഗം
തിരുവനന്തപുരം: മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാക്കളുടെ അപകീർത്തികരമായ പരാമർശത്തിൽ ന്യൂനപക്ഷ കമീഷന്റെ നിഷ്ക്രിയത്വത്തിൽ മൗനം പാലിച്ച് കമീഷൻ അംഗം സയ്യിദ് ഷഹ്സാദി. ന്യൂനപക്ഷ വിഭാഗങ്ങൾക്കും അവരുടെ വിശ്വാസങ്ങൾക്കും സംരക്ഷണം നൽകാൻ ഉത്തരവാദിത്വമുള്ള കമീഷൻ ഇക്കാര്യത്തിൽ ആവശ്യമായ നടപടിയെടുത്തോ എന്ന ചോദ്യത്തിലാണ് കമീഷൻ അംഗത്തിന് ഉത്തരം മുട്ടിയത്.
സംഭവത്തിൽ ഡൽഹി പൊലീസ് കമീഷണറിൽനിന്ന് കമീഷൻ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും ലഭിച്ചശേഷം പരിശോധിച്ച് നടപടിയെടുക്കുമെന്നും മാത്രമായിരുന്നു പ്രതികരണം. സംഭവത്തിൽ കമീഷൻ എന്തുകൊണ്ട് സ്വമേധയ നിയമനടപടിയെടുത്തില്ലെന്ന ചോദ്യത്തിനും അംഗം മറുപടി പറഞ്ഞില്ല. കമീഷൻ അംഗം കഴിഞ്ഞദിവസം വിളിച്ച ന്യൂനപക്ഷ സംഘടന പ്രതിനിധികളുടെ യോഗം മുസ്ലിം സംഘടനകൾ ബഹിഷ്കരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.