ന്യൂനപക്ഷ സ്കോളർഷിപ് ജനസംഖ്യാ ആനുപാതികമായി വീതംവെച്ച് സർക്കാർ

തിരുവനന്തപുരം: സച്ചാർ/ പാലോളി കമ്മിറ്റി ശിപാർശകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് നടപ്പാക്കിയ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതികമായി വീതംവെച്ച് സർക്കാർ. നിയമസഭയിൽ പി. ഉബൈദുല്ല നൽകിയ ചോദ്യത്തിന് മുഖ്യമന്ത്രി രേഖാമൂലം നൽകിയ മറുപടിയിലാണ് സ്കോളർഷിപ് ജനസംഖ്യാനുപാതികമായി വീതംവെച്ച കണക്ക് പുറത്തുവന്നത്.

ഏറ്റവും കൂടുതൽ അപേക്ഷകരുള്ള ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിലാണ് ജനസംഖ്യാനുപാതികമായ വീതംവെപ്പ് പ്രകടമായത്. മൊത്തം 3505 പേർക്കാണ് ഈ കാറ്റഗറിയിൽ സ്കോളർഷിപ് അനുവദിച്ചത്. ഈ സ്കോളർഷിപ്പിനായി എസ്.എസ്.എൽ.സി/ പ്ലസ് ടു കാറ്റഗറിയിൽ മുസ്ലിം വിദ്യാർഥികളിൽനിന്ന് 24764 പേരാണ് അപേക്ഷിച്ചത്.

ഇതിൽ 22782 കുട്ടികളുടെ അപേക്ഷ സ്ഥാപനമേധാവികൾ അംഗീകരിച്ചപ്പോൾ സ്കോളർഷിപ് അനുവദിച്ചത് 2070 കുട്ടികൾക്കാണ്. ക്രിസ്ത്യൻ വിഭാഗത്തിൽനിന്ന് 13084 പേർ അപേക്ഷ സമർപ്പിച്ചതിൽ 11534 പേരുടെ അപേക്ഷയാണ് സ്ഥാപനമേധാവികൾ അംഗീകരിച്ചത്. 1433 പേർക്ക് സ്കോളർഷിപ് അനുവദിച്ചു.

മുസ്ലിം വിഭാഗത്തിലെ വിദ്യാർഥികൾക്ക് അനുവദിച്ചത് ഈ കാറ്റഗറിയിലെ 59.05 ശതമാനമാണ്. ക്രിസ്ത്യൻ വിഭാഗത്തിന് 40.8 ശതമാനവും. കഴിഞ്ഞവർഷം വരെ മുസ്ലിം വിദ്യാർഥികൾക്ക് 80 ശതമാനവും ലത്തീൻ/ പരിവർത്തിത ക്രൈസ്തവർക്ക് 20 ശതമാനവും അനുവദിച്ചിരുന്ന സ്കോളർഷിപ്പാണ് ഇപ്പോൾ ജനസംഖ്യാനുപാതികമാക്കി മാറ്റിയത്. ജോസഫ് മുണ്ടശ്ശേരി സ്കോളർഷിപ്പിൽ യു.ജി/ പി.ജി വിദ്യാർഥികളുടെ കാറ്റഗറിയിലും അനുപാതമാറ്റം നടപ്പാക്കി. ഇതിൽ 811 വിദ്യാർഥികൾക്ക് സ്കോളർഷിപ് അനുവദിച്ചപ്പോൾ 479 എണ്ണം (59.05 ശതമാനം) മുസ്ലിം വിഭാഗത്തിലും 331 എണ്ണം (40.8 ശതമാനം) ക്രിസ്ത്യൻ വിഭാഗത്തിലുമാണ്.

കൂടുതൽ അപേക്ഷകരുള്ള സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ് വിതരണം പൂർത്തിയായിട്ടില്ലെന്ന മറുപടിയാണ് നിയമസഭയിൽ മുഖ്യമന്ത്രി നൽകിയത്. മുസ്ലിം പിന്നാക്കാവസ്ഥ പരിഹരിക്കാൻ സച്ചാർ/ പാലോളി കമ്മിറ്റി ശിപാർശകളിൽ നടപ്പാക്കിയ സ്കോളർഷിപ്പുകൾ പൂർണമായും മുസ്ലിം വിദ്യാർഥികൾക്കാണ് ആരംഭഘട്ടത്തിൽ അനുവദിച്ചിരുന്നത്. ഇത് പിന്നീട് 80:20 അനുപാതത്തിലേക്ക് മാറ്റി. സ്കോളർഷിപ്പുകൾ ജനസംഖ്യാനുപാതിമാക്കണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ വിഭാഗങ്ങൾ സർക്കാറിനെ സമീപിച്ചു.

പിന്നീട് ഇവർ ഹൈകോടതിയെ സമീപിച്ചതോടെ സർക്കാർ നിശ്ചയിച്ച 80:20 അനുപാതം റദ്ദാക്കുകയും ജനസംഖ്യാനുപാതികമാക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. ഇതിനെതുടർന്ന് സർക്കാർ സ്കോളർഷിപ് പുതിയ അനുപാതത്തിലേക്ക് മാറ്റി ഉത്തരവിറക്കി. ക്രിസ്ത്യൻ സമുദായത്തിൽനിന്ന് കൂടുതൽ പേർക്ക് സ്കോളർഷിപ് നൽകാനായി അധിക തുക അനുവദിച്ചാണ് പുതിയ അനുപാതം നടപ്പാക്കിയത്. മുസ്ലിം സംഘടനകളുടെ പ്രതിഷേധത്തെതുടർന്ന്, അനുപാതം മാറ്റിയ ഹൈകോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചിട്ടില്ല. 

Tags:    
News Summary - Minority Scholarship in proportion to population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.