ശബരിമല: മണ്ഡല- മകരവിളക്കിനോട് അനുബന്ധിച്ച് ശബരിമലയിൽ ജോലി ചെയ്യുന്ന താൽക്കാലിക ജീവനക്കാരുടെ ജീവിതം ദുരിത പൂർണം. തുച്ഛമായ ദിവസ വേതനത്തിൽ ശബരിമലയിലെ വിവിധ മേഖലകളിലായി ജോലി ചെയ്യുന്ന രണ്ടായിരത്തോളം വരുന്ന താൽക്കാലിക ജീവനക്കാരുടെ അവസ്ഥയാണ് ദുരിതപൂർണമായി മാറിയത്.
കേവലം 420 രൂപ മാത്രമാണ് എട്ടുമണിക്കൂർ ജോലിക്കായി ഇവർക്ക് ലഭിക്കുന്നത്. സ്വന്തം നാടുകളിൽ 800 മുതൽ 1000 രൂപ വരെ കൂലി ലഭിക്കുന്ന ജോലികൾക്ക് താൽക്കാലിക വിട നൽകി വർഷങ്ങളായി ശബരിമലയിലെ ജോലികൾക്കായി എത്തുന്നവരാണ് ഇവരിൽ ഭൂരിപക്ഷവും. കഷ്ടപ്പാടുകൾ ഏറെ നിറഞ്ഞ ജോലിക്ക് ശേഷം സ്വസ്ഥമായി വിശ്രമിക്കാനുള്ള ഇടം ഒരുക്കി നൽകാൻപോലും ദേവസ്വം ബോർഡ് തയാറായിട്ടില്ല.
10 പേർക്ക് വരെ കിടക്കാവുന്ന ചെറിയ മുറികളിൽപോലും മുപ്പതിലധികം പേരാണ് കഴിഞ്ഞുകൂടുന്നത്. ഇത്തരം ചുറ്റുപാടിലുള്ള താമസംമൂലം പനിയടക്കം പടർന്നുപിടിക്കുന്നത് ഇവരിൽ ഏറെപേരെയും അലട്ടുന്നുണ്ട്. 400 രൂപയായിരുന്ന പ്രതിദിന ശമ്പളം മൂന്ന് വർഷം മുമ്പാണ് 420 ആക്കി വർധിപ്പിച്ചത്. മറ്റെല്ലാ മേഖലകളിലും വർഷാവർഷം ശമ്പള വർധന ഉണ്ടാവുമ്പോഴും തങ്ങളുടെ കാര്യത്തിൽ സർക്കാറും ദേവസ്വം ബോർഡും കടുത്ത അനീതിയാണ് കാട്ടുന്നതെന്ന് ജീവനക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.