അച്ചു

സുഹൃത്ത് ആറ്റിൽ മുങ്ങിത്താഴ്ന്നു, ഭയം കാരണം ആരോടും പറയാതെ കൂട്ടുകാർ; ദിവസങ്ങൾക്ക് ശേഷം മൃതദേഹം കണ്ടെത്തി

ചാത്തന്നൂർ (കൊല്ലം): കാണാതായ വിദ്യാർഥിയുടെ മൃതദേഹം ആറ്റിൽ കണ്ടെത്തി. കല്ലുവാതുക്കൽ വരിഞ്ഞം കരൂർകളങ്ങരയിൽ തുണ്ടുവിളവീട്ടിൽ രവിയുടെ മകൻ അച്ചു (17) ആണ് മരിച്ചത്​. അടുതലയാറ്റിൽ മണ്ണയം പാലത്തിന് സമീപമാണ്​ മരിച്ച നിലയിൽ കണ്ടെത്തിയത്​.

കഴിഞ്ഞ 23ന് വീട്ടിൽ നിന്നും കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയ വിദ്യാർഥിയെ കാണാതായിരുന്നു. തുടർന്ന് വീട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ്​ അന്വേഷണത്തിൽ അച്ചുവിനൊപ്പം ഉണ്ടായിരുന്ന കൂട്ടുകാർ കൂടെ ഇല്ലായിരുന്നു എന്ന മൊഴിയാണ് നൽകിയത്​. തുടർന്ന് പൊലിസ് സി.സി ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും കൂട്ടുകാരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

പൊലീസ് വീണ്ടും നടത്തിയ ചോദ്യംചെയ്യലിൽ അച്ചു ആറ്റിൽ അപകടത്തിൽപെട്ടെന്ന്​ വ്യക്തമാകുകയായിരുന്നു. മൂന്ന് കൂട്ടുകാരുമൊത്ത്​ അടുതല ആറ്റിൽ മണ്ണയം കടവിൽ കുളിക്കാനിറങ്ങിയപ്പോൾ അച്ചു ആറ്റിൽ മുങ്ങിത്താഴ്ന്നതായും പേടിച്ച്​ ആരോടും പറഞ്ഞില്ലെന്നും കൂട്ടുകാർ പൊലീസിനോട്​ സമ്മതിക്കുകയായിരുന്നു. തുടർന്ന്​ വെള്ളിയാഴ്ച അഗ്നിരക്ഷാസേന സ്കൂബ സംഘം നടത്തിയ തെരച്ചിലിൽ ഇത്തിക്കരയാറ്റിൽ മണ്ണയം പാലത്തിന് സമീപം മൃതദേഹം കണ്ടെടുത്തു.

പാരിപ്പള്ളി പൊലീസ് കേസെടുത്തു. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. മാതാവ് : അംബിക. 

Tags:    
News Summary - Missing student found dead in River

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.