കോഴിക്കോട്: വയനാട്ടിലെ തവിഞ്ഞാൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ വാഹനങ്ങൾ ദുരുപയോഗം ചെയതതിൽ തുക തിരിച്ചടക്കണമെന്ന് ധനകാര്യ പരിശോധന റിപ്പോർട്ട്. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനം പ്രസിഡൻറ്, മെമ്പർമാർ, പഞ്ചായത്തിലെ ജീവനക്കാർ എന്നിവർ വാഹനം സ്ഥിരമായി ഉപയോഗിക്കുവെന്നാണ് ലഭിച്ച പരാതി. പരിശോധിച്ചതിൽ വാഹനത്തിന്റെ ലോഗ് ബുക്ക് കൃത്യമായി എഴുതി സൂക്ഷിക്കുന്നില്ല. ധാരാളം തിരുത്തലുകളും പൂർത്തിയാക്കാത്ത യാത്രാവിവരങ്ങളും കണ്ടെത്തി.
തവിഞ്ഞാൽ, തൊണ്ടർനാട് ഗ്രാമ പഞ്ചായത്തുകളിലെ വാഹനങ്ങൾ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് കണ്ടെത്തി. ഈക്കാര്യത്തിൽ നടപടി സ്വീകരിക്കണം. തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിന് 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഇന്ധനം നിറച്ചത് 2023 മെയ് മാസത്തിലാണ്. ഇന്ധനം നിറച്ച വകയിൽ 2023 മെയ് മാസത്തിൽ 24605 രൂപ ചെലവഴിച്ചു. ഈ തുകയുടെ 50 ശതമാനമായ 12303 രൂപ ഈ കാലയളവിലെ സെക്രട്ടറിയായിരുന്ന എൻ. ജയരാജനിൽ നിന്നും ഈടാക്കണം.
തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ഔദ്യോഗിക വാഹനത്തിന് 2023 കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ഇന്ധനം നിറച്ചത് 2023 സെപ്റ്റംബർ മാസത്തിലാണ്. ഇന്ധനം നിറച്ച വകയിൽ 2023 സെപ്റ്റംബർ മാസത്തിൽ 21207 രൂപ ചെലവായി. ഈ തുകയുടെ 50 ശതമാനമായ 10604 രൂപ ഈ കാലയളവിലെ സെക്രട്ടറിയായിരുന്ന വി. അലി യിൽ നിന്നും ഈടാക്കാക്കണം. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ വാഹന ദുരുപയോഗം കണ്ടെത്തിയ കാലയളവിലെ സെക്രട്ടറി അലി 2023 മെയ് മാസത്തിൽ സർവീസിൽ നിന്നും വിരമിച്ചു.
കൃത്യമായ നടപടിക്രമം ഇല്ലാതെ ഓഫീസിതര ആവശ്യങ്ങൾക്ക് വാഹനം ഉപയോഗിച്ചു. ജില്ല വിട്ടുള്ള യാത്രകൾക്ക് ഒരേ ദിവസം തന്നെ ഒന്നിലധികം തവണ തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ വാഹനം ഉപയോഗിച്ചുവെന്ന് കണ്ടെത്തി. ലോഗ് ബുക്കിൽ തിരുത്തലുകൾ വരുത്തി കിലോമീറ്റർ ക്രമപ്പെടുത്തി യാത്രകൾ രേഖപ്പെടുത്തുകയും ചെയ്തുവെന്ന് ലോഗ് ബുക്ക് പരിശോധനയിൽ വ്യക്തമായി.
ലോഗ് ബുക്ക് പൂർണമായി എഴുതാതെ കിലോമീറ്റർ റീഡിങ് മാത്രം എഴുതി 250 ൽ അധികം കിലോമീറ്റർ വ്യത്യാസം കാണിക്കുന്ന ഒരു യാത്ര ആര് എങ്ങോട്ട് യാത്ര ചെയ്തു എന്ന് വ്യക്തമാക്കാതെ കാണാൻ കഴിഞ്ഞു. ഇത് സംബന്ധിച്ച് തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് സെക്രെട്ടറിയായിരുന്ന എൻ. ജയരാജനിൽ നിന്നും വിശദീകരണം വാങ്ങി ഉചിതമായ വകുപ്പ്‌തല നടപടി ഭരണ വകുപ്പ് കൈക്കൊള്ളണമെന്നാണ് ശിപാർശ.
തദ്ദേശ വകുപ്പിലെ പഞ്ചായത്തുകളിൽ ഉപയോഗിക്കുന്ന ഔദ്യോഗിക വാഹനങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരിശോധനയിൽ കണ്ടെത്തി. ജനപ്രതിനിധികളും ജീവനക്കാരും സ്വകാര്യ ആവശ്യങ്ങൾക്കായി വാഹനം ഉപയോഗിക്കുന്നതായുള്ള പരാതികൾ നിരന്തരം ലഭിക്കുന്നു. അതിനാൽ ഔദ്യോഗിക വാഹന ഉപയോഗവുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവിലെ നിർദ്ദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങൾ പാലിക്കുന്നുവെന്ന് ഭരണ വകുപ്പ് ഉറപ്പു വരുത്തണമെന്നും ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.