കോഴിക്കോട്: ഇ.പി. ജയരാജൻ വിളിച്ചാൽ ഉടൻ പോകാൻ നിൽക്കുകയല്ല മുസ്‍ലിം ലീഗെന്ന് എം.കെ മുനീർ. വിളിക്കുമ്പോഴേക്ക് ഓടിപ്പോകാൻ ഞങ്ങൾ ഒരു രാഷ്ട്രീയ പാർട്ടിയല്ലേയെന്നും അഭിമാന ബോധമുള്ള പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
എത്ര കാലമായി യു.ഡി.എഫിനെ ശക്തിപ്പെടുത്തി നിർത്തുന്നു. അതിൽനിന്ന് ചാടിപ്പോകാനുള്ള എന്ത് കാരണമാണ് ഉള്ളത്. അവരുടെ കപ്പലിന് തന്നെ ഓട്ട വീണിരിക്കുകയാണ്. ഞങ്ങൾ സി.പി.ഐയോട് ചോദിക്കുന്നത് നിങ്ങൾ ഇങ്ങോട്ട് വരുന്നുണ്ടോ എന്നാണ് -മുനീർ പറഞ്ഞു.
കഴിഞ്ഞ ദിവസം, മുസ്‍ലിം ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിക്കുകയും മണിക്കൂറുകൾക്കകം തിരുത്തുകയും ചെയ്തിരുന്നു എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. ലീഗിനെ മുന്നണിയിൽ ക്ഷണിച്ച നിലപാടിൽ ഉറച്ചുനിൽക്കുന്നതായും പി.കെ. കുഞ്ഞാലിക്കുട്ടി രാഷ്ട്രീയ നയരൂപവത്കരണത്തിലെ കിങ്മേക്കർ ആണെന്നുമാണ് വ്യാഴാഴ്ച രാവിലെ ഇ.പി തളിപ്പറമ്പിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞത്.
എന്നാൽ, ഉച്ചക്ക് കണ്ണൂർ പ്രസ് ക്ലബിൽ നടന്ന മുഖാമുഖത്തിൽ അദ്ദേഹം മലക്കം മറിഞ്ഞു. ലീഗിനെ ആരും മുന്നണിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും ലീഗ് മതേതര പാർട്ടിയാണോയെന്ന കാര്യത്തിൽ ഇപ്പോൾ അഭിപ്രായം പറയുന്നില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.