കോഴിക്കോട്: ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മലപ്പുറത്ത് യുവതിയുടെ രണ്ട് ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവത്തിൽ സർക്കാറിന് വിമർശനവുമായി മുസ്ലിം ലീഗ് നേതാവും പ്രതിപക്ഷ ഉപനേതാവുമായ ഡോ. എം.കെ. മുനീർ. സംസ്ഥാനത്തെ പ്രധാന മെഡിക്കൽ കോളജുകളെല്ലാം കോവിഡ് സെന്‍ററാക്കിയതോടെ അത്യാവശ്യ ചികിത്സക്ക് പോലും സൗകര്യമില്ലാത്ത അവസ്ഥയാണ്. ആരോഗ്യവകുപ്പിന്‍റെ ക്രൂരതയെ തുടർന്നാണ് ഇരട്ടക്കുട്ടികളുടെ ജീവൻ പൊലിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലം മുതൽ എത്രയോ മരണങ്ങൾ മതിയായ ചികിത്സ കിട്ടാതെ കേരളത്തിൽ നടന്നുവെന്ന് മുനീർ പറഞ്ഞു. പ്രധാന മെഡിക്കൽ കോളജുകൾ എല്ലാം കോവിഡ് കെയർ സെന്‍ററുകൾ ആക്കി മാറ്റിയതോടെ മറ്റ് അത്യാവശ്യ ചികിത്സകൾക്ക് പോലും സൗകര്യമില്ലാതെ രോഗികൾ വലയുന്ന സാഹചര്യമാണ്. പ്രധാനപ്പെട്ട താലൂക്ക് ആശുപത്രികളെയും മെഡിക്കൽ കോളജുകളിൽ ഒരു ഭാഗം മാത്രവും കോവിഡ് കെയർ സെന്‍ററുകൾ ആക്കി മാറ്റിയിരുന്നെങ്കിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാമായിരുന്നു.
ഇതാണോ സംസ്ഥാന സർക്കാറിന്‍റെ നമ്പർ വൺ അവകാശവാദമെന്ന് മുനീർ ചോദിച്ചു. കപട ഇടതു ആരോഗ്യ നിരീക്ഷകരുടെ ഉപദേശം ഇനിയും കേട്ടു കൊണ്ടിരുന്നാൽ ഇതിലും വലിയ ദുരന്തങ്ങൾ ആകും ഈ നാട്ടിൽ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് മഞ്ചേരിയിൽ മൂന്ന് ആശുപത്രികൾ ചികിത്സ നിഷേധിച്ചതിനെത്തുടർന്ന് കൊണ്ടോട്ടി സ്വദേശിനിയായ യുവതിയുടെ രണ്ട് ഗർഭസ്ഥശിശുക്കൾ മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിലും പിന്നീട് കോഴിക്കോട് കോട്ടപ്പറമ്പ് മാതൃശിശു ആശുപത്രിയിലും ഇവർ എത്തിയെങ്കിലും ചികിത്സ നൽകിയിരുന്നില്ല. ഓമശ്ശേരിയിലെ ശാന്തി ആശുപത്രിയുമായി ബന്ധപ്പെട്ടെങ്കിലും ആർ.ടി.പി.സി.ആർ ഫലം വേണമെന്ന് ആവശ്യപ്പെട്ടു. ഞായറാഴ്ച വൈകീട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ലേബർ മുറിയിലേക്ക് മാറ്റി ശസ്ത്രക്രിയയിലൂടെ കുട്ടികളെ പുറത്തെടുത്തെങ്കിലും ജീവനുണ്ടായിരുന്നില്ല.
യുവതിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 15ന് നെഗറ്റിവായി ക്വാറൻറീൻ പൂർത്തിയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.